X

മണിക് സര്‍ക്കാര്‍ തുടരുമോ: ബി.ജെ.പിയുടെ വിഭജനം തന്ത്രം ഫലം കാണുമോ ; ത്രിപുര ഫലം നാളെ

അഗര്‍ത്തല: രാജ്യം ഉറ്റുനോക്കുന്ന ത്രിപുരയില്‍ മുഖ്യമന്ത്രി മണികിനു നേതൃത്വത്തില്‍ തുടര്‍ച്ചയായ എട്ടാം തവണയും സി.പി.എം മന്ത്രിസഭ അധികാരത്തിലേറുമോ ? അല്ലെങ്കില്‍ മോദിയുടേയും ബി.ജി.പിയുടേയും വിഭജനം തന്ത്രം ത്രിപുരയില്‍ താമരക്ക് അനകൂല വിധി എഴുതുമോ ? ഉത്തരം നാളെ അറിയാം.

കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ക്ക് വിഭിന്നമായി ത്രിപുരയില്‍ കോണ്‍ഗ്രസിനും പകരം ബി.ജെ.പിയാണ് സി.പി.എമ്മുമായി കൊമ്പുക്കോര്‍ക്കുന്നത്. പ്രധാനമന്ത്രിയടക്കം പ്രമുഖ നേതാക്കളെ രംഗത്തിറക്കിയ ബി.ജെ.പി സി.പി.എമ്മിനേയും കോണ്‍ഗ്രസിനേയും പിന്നിലാക്കി പ്രചരണത്തില്‍ ബഹദൂരം മുന്നിലായിരുന്നു്. കഴിഞ്ഞ 25 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന സി.പി.എമ്മിനെ താഴെയിറക്കി ത്രിപുരയില്‍ താമര വിരിയുമെന്ന് എക്‌സിറ്റ് പോളും പ്രവചിച്ചത് ബി.ജെ.പി ക്യാമ്പിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തന്നെയാണ് ത്രിപുര അസംബ്ലി തെരഞ്ഞെടുപ്പിനെ ബി.ജെ.പി നേരിട്ടത്. പല വേദികളിലും വികസന കാര്യത്തില്‍ രാജ്യം കുതിക്കുമ്പോള്‍ മണിക് സര്‍ക്കാര്‍ ട്രാഫിക് സിഗ്നലുപോലെ സംസ്ഥാനത്തെ വികസനത്തിന്റെ സ്പീഡിന് ബ്രൈക്ക് നല്കുന്നു എന്നായിരുന്നു മോദിയുടെ വാദം. കൂടാതെ പാര്‍ട്ടിയുടെ വിഭജനം തന്ത്രവും ത്രിപുരയില്‍ പയറ്റാന്‍ മോദിയും കൂട്ടരും മറന്നില്ല. ഗോത്രവര്‍ഗക്കാര്‍ക്കു പ്രത്യേക സംസ്ഥാനം വേണമെന്നു വാദിക്കുന്ന പാര്‍ട്ടിയെ കൂട്ടുപിടിക്കുക വഴി ഗോത്രമേഖലയിലെ നിര്‍ണായകമായ 20 സീറ്റുകളില്‍ നേട്ടമുണ്ടാകം എന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. നഗര പ്രദേശങ്ങള്‍ക്കു പകരം പ്രധാനമായും ഗ്രാമങ്ങള്‍ക്കു ഊന്നല്‍ നല്‍കിയാണ് പാര്‍ട്ടിയുടെ പ്രചരണം അത്രയും ഇതും വോട്ടാകുമെന്ന ഉറച്ച കണക്കൂട്ടല്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുണ്ട്.

20 വര്‍ഷമായി തുടരുന്ന മുഖ്യമന്ത്രി മണികിന്റെ ജനകീയത ചുറ്റിപറ്റിയായിരുന്നു പ്രധാനമായും സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. മണികിന്റെ വികസന തുടര്‍ച്ചക്ക് പാര്‍ട്ടി വോട്ടു നല്‍കൂ എന്നായിരുന്നു സംസ്ഥാനത്ത് സി.പി.എമ്മിന്റെ പ്രചാരണം. അതേസമയം കേരളവും ത്രിപുരയും മാത്രമാണു സിപിഎമ്മിനു സ്വാധീനമുള്ള സംസ്ഥാനങ്ങള്‍. നിലവിലെ സാഹചര്യത്തില്‍ ത്രിപുരയില്‍ അധികാരം നഷ്ടപ്പെട്ടാല്‍ പിന്നെ സി.പി.എം കേരളത്തില്‍ മാത്രമായി ഒതുങ്ങും. ഇതു പാര്‍്ട്ടിക്ക് ദേശീയ തലത്തിലുള്‍പ്പെടെ വലിയ ക്ഷീണമാകും.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ 60ല്‍ 50 സീറ്റുകള്‍ വരെ നേടി ബി.ജെ.പി അധികാരത്തിലേറുമെന്ന് പ്രവചിക്കുമ്പോള്‍ 15-23 സീറ്റുകളിലേക്ക് സി.പി.എം ഒതുങ്ങുമെന്നാണ്. 60 അംഗ സഭയില്‍ 59 സീറ്റുകളിലേക്കാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് നടന്നത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. നാളെ രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

എം.എല്‍.എമാരില്‍ പലരും പാര്‍ട്ടി വിട്ടു തൃണമൂലിലേക്കും പിന്നീട് ബിജെപിയിലേക്കും ചേക്കേറിയതാണ് ത്രിപുരയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായത്.

chandrika: