അഗര്‍ത്തല: സി.പി.എമ്മിന്റെ ത്രിപുരയിലെ മുഖപത്രം ‘ഡെയ്‌ലി ദേശാര്‍ കഥ’യുടെ രജിസ്‌ട്രേഷന്‍ രജിസ്ട്രാര്‍ ഓഫ് ന്യൂസ് പേപ്പേഴ്‌സ് ഫോര്‍ ഇന്ത്യ റദ്ദാക്കി. ചൊവ്വാഴ്ച പത്രം പ്രസിദ്ധീകരിക്കാനായില്ല. നാല് പതിറ്റാണ്ടിനിടെ ആദ്യമായാണ് പത്രത്തിന്റെ പ്രസിദ്ധീകരണം നിലക്കുന്നത്.
മാനേജ്‌മെന്റില്‍ അടുത്തിടെയുണ്ടായ മാറ്റം നിയമപ്രകാരമല്ലെന്ന് കാണിച്ച് വെസ്റ്റ് ത്രിപുര കളക്ടര്‍ ന്യൂസ് പേപ്പേഴ്‌സ് രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. 1978ല്‍ പ്രവര്‍ത്തനമാരംഭിച്ച പത്രത്തിന്റെ ഉടമസ്ഥാവകാശം ആദ്യം സി.പി.എമ്മിന് തന്നെയായിരുന്നു. 2012ല്‍ ഒരു രജിസ്‌ട്രേഡ് സൊസൈറ്റിക്കും കഴിഞ്ഞമാസം പുതുതായി രൂപവത്കരിച്ച ഒരു ട്രസ്റ്റിനും ഉടമസ്ഥാവകാശം കൈമാറി.
സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിന്റെ ഗൂഢാലോചനയാണ് പത്രത്തിനെതിരായ നീക്കത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ നാണംകെട്ട ആക്രമണമാണിതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ പ്രതികരിച്ചു.