അഗര്‍ത്തല: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മുഖ്യമന്ത്രി സ്ഥാനമോ, രാജ്യസഭാ സീറ്റോ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി ത്രിപുര പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും രാജകുടുംബാംഗവുമായ പ്രദ്യോത് മാണിക്യ ദേബ് ബര്‍മ. ബി.ജെ.പി തന്നെ സമീപിക്കുന്നത് ഇതാദ്യമായല്ലെന്നു പറഞ്ഞ അദ്ദേഹം നേരത്തെ രണ്ട് തവണ തന്നെ ബി.ജെ.പി നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായും പറഞ്ഞു. ത്രിപുരയുടെ ചുമതലയുള്ള ബി.ജെ.പി നേതാവ് ഹിമന്ദ ബിശ്വ ശര്‍മ തനിക്ക് വ്യക്തമായ സൂചന നല്‍കിയിരുന്നു. ശര്‍മക്കു പുറമെ നിരവധി ബി.ജെ.പി നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരാന്‍ വേണ്ടി തന്നെ സമീപിച്ചത്. എന്നാല്‍ തന്റെ വിശ്വാസ്യതയും ആശയവും അടിയറവെക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞ ദേബ് ബര്‍മ ബി.ജെ.പിയുടെ ആശയം തനിക്ക് യോജിക്കുന്നതല്ലെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റേതായ രീതിയിലാണ് തനിക്ക് സുരക്ഷ തോന്നുന്നത്. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പാണ് ബര്‍മ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തുന്നത്. കോണ്‍ഗ്രസിന്റെ 10 സിറ്റിങ് എം.എല്‍.എമാരില്‍ ഏഴു പേര്‍ ആദ്യം തൃണമൂലിലും പിന്നീട് ബി.ജെ.പിയിലും ചേര്‍ന്നിരുന്നു. ബി.ജെ.പിയില്‍ ചേരുന്നതിനായി വന്‍തോതിലുള്ള പണവും വാഗ്ദാനവുമാണ് ലഭിക്കുന്നതെന്ന് ദേബ് ബര്‍മന്‍ പറഞ്ഞു. ബി.ജെ.പി പണം നല്‍കി ആളുകളെ വാടകക്കെടുക്കുകയാണ് ഇത് വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.