അഗര്‍ത്തല: തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ത്രിപുരയില്‍ ബി.ജെ.പിയുടെ ആക്രമണപരമ്പര അരങ്ങേറിയതിനെ തുടര്‍ന്ന് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പൊലീസ് രംഗത്ത്. നിലവില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളിലെല്ലാം 144 പ്രകാരം നിരോധനാജ്ഞ പൊലീസ് പുറപ്പെടുവിച്ചു. അതേസമയം, കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സംഭവത്തില്‍ ഇടപെട്ടു. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും വരെ സംസ്ഥാനത്തെ ക്രമസമാധാനനില കാത്തുസൂക്ഷിക്കണമെന്ന് ത്രിപുര ഗവര്‍ണറോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ച് കൊണ്ടുള്ള ഉത്തരവ് വന്നത്. ത്രിപുര ജില്ലയിലെ സിദ്ധൈ മേഖലയിലെ രണ്ട് സി.പി.എം ഓഫീസുകള്‍ ബി.ജെ.പിക്കാര്‍ തീവെച്ച് നശിപ്പിച്ചതുള്‍പ്പെടെ വ്യാപകമായ അക്രമപരമ്പരയാണ് ബി.ജെ.പി ചെയ്തുകൂട്ടുന്നത്. സി.പി.എം പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചപ്പോള്‍ 240 പേര്‍ക്ക് പരിക്കേറ്റു. 1539 വീടുകള്‍ക്കുനേരെ ആക്രമണമുണ്ടായി. തീവയ്പ്പും ആക്രമണവും കൊള്ളയുമാണ് അരങ്ങേറുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ബിജന്‍ ധര്‍ പറഞ്ഞു. കൂടാതെ ലെനിന്റെ പ്രതിമ തകര്‍ത്തും അക്രമം തുടരുകയാണ്.