കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി കെ ബാബു എംഎൽഎയ്ക്ക് അനുകൂലം. കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് എം സ്വരാജ് നൽകിയ ഹർജി കോടതി തള്ളി.
കെ ബാബുവിന് എംഎൽഎ ആയി തുടരാമെന്ന് ഹൈക്കോടതി വിധി. ജസ്റ്റിസ് പി.ജി.അജിത് കുമാറിൻറെ ബെഞ്ചാണ് വിധി പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചെന്നാണ് പ്രധാന ആരോപണം. കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയില്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്റെ ആവശ്യം.
ബാബുവിനെതിരായ ആക്ഷേപം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. വോട്ടർമാർക്ക് മതചിഹ്നമുള്ള സ്ലിപ്പ് നൽകി എന്നതിന് തെളിവില്ല. സാക്ഷിമൊഴികൾ മാത്രമായി പരിഗണിക്കാൻ കഴിയില്ല. സാക്ഷിമൊഴിയെ സാധൂകരിക്കുന്ന തെളിവില്ലെന്നും കോടതി വ്യക്തമാക്കി.