ലുഖ്മാന്‍ മമ്പാട്
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഗുജറാത്ത് രായ്പൂരിലെ വ്യാപാരിയായ സഫര്‍ അബ്ബാസിന്റെ ഭാര്യ സജെദ്ബാനു 2001ല്‍ സ്വവസതിയിലേക്ക് തിരിച്ചുപോയി. 2003ല്‍ സജെദ്ബാനുവിനെ അറിയിക്കാതെ സഫര്‍ അബ്ബാസ് രണ്ടാമതും വിവാഹിതനായി. തുടര്‍ന്ന് ബഹുഭാര്യത്വം ആരോപിച്ച് ആദ്യ ഭാര്യ സഫര്‍ അബ്ബാസിനെതിരെ പൊലീസില്‍ പരാതി കൊടുത്തു. പൊലീസ് സഫര്‍ അബ്ബാസിനെ കസ്റ്റഡിയിലെടുത്തു. നിയമപരമായി വിവാഹം കഴിച്ച പങ്കാളി ജീവിച്ചിരിക്കെ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 494 വകുപ്പ് അനുസരിച്ച് കുറ്റകൃത്യമാണെന്നായിരുന്നു കേസെടുത്ത പൊലീസ് ഭാഷ്യം. ഇതോടെ, സഫര്‍ അബ്ബാസ് ഹൈക്കോടതിയെ സമീപിച്ചു. മുസ്ലിം വ്യക്തിനിയമം അനുസരിച്ച് പുരുഷന് നാല് വിവാഹം വരെ കഴിക്കാമെന്നും തന്റെ രണ്ടാം വിവാഹം ബഹുഭാര്യത്വ പരിധിയില്‍പെടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആദ്യ ഭാര്യയുടെ സമ്മതം വേണമെന്നും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതിവേണമെന്നും വ്യക്തിനിയമത്തില്‍ പറയുന്നുണ്ടെന്നും തന്റെ കക്ഷിക്ക് അത് ലംഘിക്കപ്പെട്ടെന്നും സജെദ് ബാനുവിന്റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് കോടതി അമിക്കസ് ക്യൂറിയുടെ സഹായം തേടി. ഇസ്ലാം പുരുഷന് നാല് വിവാഹം വരെ ചെയ്യാന്‍ അനുമതി നല്‍കുന്നുണ്ടെന്നും പക്ഷേ അവരോട് തുല്യനീതി കാണിക്കണമെന്ന് മതം പറയുന്നുണ്ടെന്നും അമിക്കസ് ക്യൂറി വിശദീകരിച്ചു. ‘നിയമം ഉണ്ടാക്കുന്ന ദൈവം ഒന്നേയുള്ളൂ. പക്ഷേ, പിന്നെ എങ്ങനെയാണ് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് വ്യത്യസ്ത നിയമമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ലെ’ന്നായിരുന്നു ജസ്റ്റിസ് ജെ.ബി പര്‍ദിവാലയുടെ സംശയം. അമിക്കസ് ക്യൂറി വിശദീകരിച്ചു: ‘എല്ലാ മതങ്ങളിലും ബഹുഭാര്യത്വം നിലനിന്നിരുന്നു. അതിന് നിരവധി ഉദാഹരണങ്ങള്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും കാണാം. പിന്നീട് മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ അതിനെ നിയന്ത്രിച്ചു. 1955 ലെ ഹിന്ദു മാര്യേജ് ആക്ട് ഇല്ലായിരുന്നുവെങ്കില്‍ ഹിന്ദുക്കളിലും ബഹുഭാര്യത്വം ഉണ്ടാകുമായിരുന്നു’.
വാടാനപ്പള്ളിയില്‍ അബ്ദുല്‍ കരീം എന്നയാള്‍ ഒരു വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം നടത്തിയെന്നും ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തില്ലെന്നും പരാതിപ്പെട്ട് വന്ന ഹര്‍ജിയില്‍, വ്യക്തിനിയമങ്ങള്‍ പരിഗണിക്കാതെ ബഹുഭാര്യത്വത്തിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരം തുല്യനടപടി ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മുസ്ലിംകളുടെ കാര്യത്തില്‍ വിവേചനം നിലനില്‍ക്കുന്നില്ലെന്ന നിരീക്ഷണത്തോടെ അന്ന് കേരള ഹൈക്കോടതി ഹര്‍ജി തള്ളി. ഇത്തരം സംഭവങ്ങള്‍ വ്യാപകമാണെന്നും ഇന്ത്യന്‍ ശിക്ഷാനിയമം എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാക്കണമെന്നുമാവശ്യപ്പെട്ട് തൃശൂര്‍ ഇരവ് സ്വദേശി വേണുഗോപാല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയും കോടതി തള്ളിക്കളഞ്ഞു. ഗുജറാത്ത് മുതല്‍ കേരളം വരെ തീവ്രതയുടെയും മിതത്വത്തിന്റെയുമായ എല്ലാ സാഹചര്യങ്ങളിലും അത്തരം ചിന്തകളെ വിത്തിട്ട് മുളപ്പിച്ച് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതോടൊപ്പം മുസ്ലിം വ്യക്തിനിയമത്തിന്റെ ശക്തി അടയാളപ്പെടുത്താനുമാണ് ഈ രണ്ട് സംഭവങ്ങള്‍ ഉദ്ധരിച്ചത്.
പതിനഞ്ച് കോടിയിലേറെ വരുന്ന ഒരു വിഭാഗത്തെ ബാധിക്കുന്ന വിഷയത്തിലെ നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ അക്കാര്യത്തില്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുത്ത് ചര്‍ച്ചക്ക് അവസരം നല്‍കുകയെന്നത് സാമാന്യ മര്യാദയാണ്. ഒന്നിച്ചുള്ള മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി ആറു മാസത്തിനകം നിയമം ഉണ്ടാക്കണമെന്ന് കേന്ദ്രത്തോട് പറയുമ്പോള്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റിനും ചില വിവേചനാധികാരങ്ങളുണ്ടെന്നത് മറക്കരുത്. ഭരണഘടനയുടെ മൗലികതക്ക് എതിരാവാത്ത രീതിയില്‍ നിയമം നിര്‍മ്മിക്കുക എന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ഉണ്ടാക്കുന്ന നിയമം ബാധിക്കുന്നവരുടെ പൗരാവകാശവും സുരക്ഷിതത്വവും മുന്നില്‍ കാണുകയെന്നതും. ഒരു ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ച് ‘ചര്‍ച്ചയും’ ഭേദഗതിയും പാസ്സാക്കലുമെല്ലാം ഒരൊറ്റ ദിവസം കൊണ്ട് തീര്‍ത്തതിനെ സുപ്രീം കോടതിയുടെ ചെലവില്‍ നിസ്സാരമാക്കാവുന്നതല്ല.
ഭരണഘടനയെയും നിയമത്തെയും പരിശോധിക്കുകയോ വ്യാഖ്യാനിക്കുകയോ മാത്രമാണ് കോടതികളുടെ അധികാര പരിധി. പലപ്പോഴും നിയമനിര്‍മ്മാണത്തിന്റെ അവസ്ഥയിലേക്കോ മൗലികാവകാശമെന്ന അടിസ്ഥാന തത്വങ്ങളെ പോലും പരിഗണിക്കാതെയോ വൈകാരികമായോ കോടതികള്‍ പരിധി ലംഘിക്കാറുണ്ട്. കേന്ദ്ര ഭരണകൂടത്തിന്റെ നിലപാടുകള്‍ സുപ്രീംകോടതി വിധികളെ സ്വാധീനിച്ച എത്രയോ സംഭവങ്ങള്‍ കാണാനാവും. എങ്കില്‍പോലും നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച് കോടതികള്‍ വിസ്മയിപ്പിക്കാറുണ്ട്. സ്വകാര്യത മൗലികാവകാശമല്ലെന്ന വാദവുമായി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ കണ്ടതാണ്. എന്തു കഴിക്കണം, എന്തുടുക്കണം, ഏതുഭാഷ സംസാരിക്കണം തുടങ്ങി ചിന്തക്കും വ്യക്തിത്വത്തിനും ചങ്ങലയിടാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങളെ ഒമ്പതംഗ ബെഞ്ച് പൊളിച്ചടുക്കി സുപ്രീംകോടതി ജനങ്ങളുടെ അഭിമാനം സംരക്ഷിച്ച വിധി പ്രസ്താവിച്ചത് ഓര്‍ക്കണം. മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വാസത്തോടൊപ്പം ആചാരത്തിലും തനിമയോടെ മുന്നോട്ടുപോകുന്ന മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതു നല്‍കിയ ആശ്വാസം ചെറുതല്ല (തുടരും)