ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ശക്തമായത്. ബില്‍ നാളെ വീണ്ടും രാജ്യസഭ പരിഗണിക്കും.
അതേസമയം ബില്‍ കോണ്‍ഗ്രസ് അട്ടിമറിക്കുകയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. ഇന്നലെ ചേര്‍ന്ന കാര്യോപദേശക സമിതിയിലും ഭരണ-പ്രതിപക്ഷങ്ങള്‍ വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെ സഭ പിരിയുകയായിരുന്നു. ബില്‍ സഭ പരിഗണിച്ചു പാസ്സാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നു ഭരണപക്ഷവും, സെലക്ട് കമ്മിറ്റി പരിഗണിച്ചു ബില്‍ മെച്ചപ്പെടുത്തട്ടെയെന്നു പ്രതിപക്ഷവും നിലപാടെടുത്തു.
കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമൊപ്പം, എന്‍. ഡി. എ സഖ്യകക്ഷി യായ തെലുങ്കുദേശവും സെലക്ട് കമ്മിറ്റിക്കായി വാദിച്ചു. നേരത്തെ, ബില്ലില്‍ മാറ്റം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവുമായി ധാരണയിലായി ബില്‍ സുഗമമായി പാസാക്കാനാണ് ശ്രമമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി അനന്ദ്കുമാര്‍ പറഞ്ഞിരുന്നു. ബില്ലില്‍ പ്രതിപക്ഷം ആവശ്യപ്പെട്ട ഭേദഗതികള്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മുത്തലാഖ് ജാമ്യമില്ലാക്കുറ്റമാക്കുന്ന വ്യവസ്ഥ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ്സ് ബില്ലിനെ പിന്തുണച്ചേക്കും. ബില്‍ പരിഗണിക്കുന്ന സാഹചര്യത്തില്‍ എല്ലാ ബി.ജെ.പി എം.പിമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം ലോക്‌സഭ പാസാക്കിയ ബില്‍ സെലക്ട് കമ്മിറ്റിക്കു വിടുന്നത് ചട്ടലംഘടനമാണെന്ന വാദമാണ് അരുണ്‍ ജെയ്റ്റ്‌ലി ഉയര്‍ത്തിയത്. ലോക്‌സഭ പാസാക്കിയ ബില്ലിനെ രാജ്യസഭ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സെലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യത്തില്‍ സഭയില്‍ വോട്ടെടുപ്പ് ആവട്ടെയെന്നും ജനാധിപത്യത്തില്‍ ഭൂരിപക്ഷം തീരുമാനക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. എന്നാല്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യന്‍ വോട്ടെടുപ്പിന് അനുമതി നല്‍കാതെ സഭ ഇന്നത്തേക്കു പിരിയുന്നതായി അറിയിക്കുകയായിരുന്നു. ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ വ്യാഴാഴ്ചയാണ് ലോക്‌സഭ പാസാക്കിയത്.