X

മുത്തലാഖിലൂടെ ഏക സിവില്‍ കോഡിലേക്ക്

അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി

ഏറെ പ്രതിഷേധങ്ങള്‍ക്കിടയിലും മുത്തലാഖ് സംബന്ധിച്ച വിവാദ ബില്‍ എന്‍.ഡി.എ സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയിരിക്കുന്നു. രാജ്യത്ത് മുത്തലാഖ് എന്ന വിവാഹമോചന രീതി വര്‍ധിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള മുസ്‌ലിം വനിതാ (വിവാഹ സംരക്ഷണ അവകാശ) ബില്‍ 2017 ഡിസംബര്‍ 28നാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭ പാസാക്കിയ പ്രസ്തുത ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും തന്മൂലം രാജ്യസഭയില്‍ പ്രസ്തുത ബില്‍ പാസാക്കാന്‍ സാധിക്കാതെ പോവുകയും ചെയ്തു. തുടര്‍ന്ന് 2018 സെപ്തംബര്‍ 19ന് പ്രസ്തുത ബില്‍ ഓര്‍ഡിനന്‍സിലൂടെ കേന്ദ്ര സര്‍ക്കാര്‍ നിയമമാക്കി മാറ്റുകയാണുണ്ടായത്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനം ആരംഭിച്ചതോടെ ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതുക്കിയ ബില്‍ ലോക്‌സഭ വീണ്ടും ചര്‍ച്ചക്കെടുത്തത്.
മുത്തലാഖുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മുമ്പിലുണ്ടായിരുന്ന കേസില്‍ അഞ്ചംഗ ബെഞ്ചാണ് അന്തിമ വാദങ്ങള്‍ കേട്ട് വിധി പറഞ്ഞത്. ജസ്റ്റിസ് കെഹാര്‍ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ മുത്തലാഖ് ഭരണഘടനാപരമാണ്, പക്ഷേ ദുരുപയോഗം ചെയ്യപ്പെടുന്നത്‌കൊണ്ട് ഗവണ്‍മെന്റ്‌നിയമം കൊണ്ടുവരണമെന്നു നിരീക്ഷിച്ചു. ജസ്റ്റിസ് യു.ഇ ലളിത്, ജസ്റ്റിസ് നരിമാന്‍ എന്നിവര്‍ മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചു. ഖുര്‍ആനിക വിധികള്‍ക്കെതിരാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് കണ്ടെത്തി. സുപ്രീം കോടതി ഈ മുത്തലാഖിനെ മാറ്റിനിര്‍ത്തുന്നു എന്നു പറഞ്ഞാണ് അന്തിമ വിധി പുറപ്പെടുവിച്ചത്. സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്ന് ജസ്റ്റിസ് കെഹാര്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ന്യൂനപക്ഷ വിധിയെ ചൂട്ടുപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെ വിവേചനപരമായ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഭരണഘടനയുടെ 141-ാം അനുച്ഛേദപ്രകാരം സുപ്രീംകോടതി വിധി രാജ്യത്ത് നിയമമാണെന്നിരിക്കെ മുത്തലാഖ് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ല. കോടതി ആ തരത്തിലൊരു നിരീക്ഷണവും നടത്തിയിട്ടില്ല. വസ്തുതകള്‍ ഇതാണെന്നിരിക്കെ അടിയന്തര പ്രാധാന്യത്തോടെ ഒരു നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത് ദുരുദ്ദേശപരമാണ്. ഏതു വിധത്തിലും മുത്തലാഖ് ചൊല്ലുന്നത് നിയമ വിരുദ്ധം, നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവും പിഴയും ശിക്ഷ, നിയമ ലംഘനം സംബന്ധിച്ച് ഭാര്യക്കും അടുത്ത ബന്ധുക്കള്‍ക്കും പൊലീസില്‍ പരാതി നല്‍കാം, പ്രതിയെ വാറണ്ടില്ലാതെ അറസ്റ്റു ചെയ്യാം, ജാമ്യം നല്‍കാനുള്ള അധികാരം മജിസ്‌ട്രേറ്റില്‍ നിക്ഷിപ്തം, എന്നാല്‍ പരാതി നല്‍കിയവരുടെ വാദം കേട്ട ശേഷമേ പ്രതിക്ക് ജാമ്യം നല്‍കാനാവൂ, മുത്തലാഖ് ചൊല്ലിയ വ്യക്തി സ്ത്രീക്കും, കുട്ടിക്കും ജീവനാംശം നല്‍കണം, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ സംരക്ഷണച്ചുമതല ആവശ്യപ്പെട്ട് സ്ത്രീകള്‍ക്കും മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കാം തുടങ്ങിയ വിവേചനപരവും പരസ്പര വിരുദ്ധവുമായ വ്യവസ്ഥകള്‍ നിറഞ്ഞ മുത്തലാഖ് ബില്ലാണ് ലോക്‌സഭയില്‍ ഡിസംബര്‍ പത്തിന് അവതരിപ്പിച്ചത്.
മുസ്‌ലിംകള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതു പോലെ ഭീകരമാണ് ഈ ബില്‍. പ്രായോഗികമായി ഇത് നടപ്പിലാക്കാനും പ്രയാസമാണ്. 2017 ലെ സൈറാബാനു കേസിലെ സുപ്രീംകോടതി വിധിയോടെ ഇന്ത്യയില്‍ മുത്തലാഖിന് നിയമ സാധുതയില്ല. നിര്‍ദ്ദിഷ്ട നിയമപ്രകാരവും മുത്തലാഖ് നിയമ സാധുതയില്ലാത്തതും നിയമ വിരുദ്ധവുമാണ്. അത്തരം വാചകങ്ങള്‍ വാമൊഴിയായോ ലിഖിത രൂപത്തിലോ ഇലക്ട്രോണിക്ക് മാധ്യമത്തിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ ആണെങ്കിലും നിയമം ബാധകമാകും. മൊഴി ചൊല്ലപ്പെട്ട സ്ത്രീക്കും ആശ്രിതരായ കുട്ടികള്‍ക്കും ജീവനാംശത്തിനും അവകാശം ഉണ്ടായിരിക്കും. എന്നാല്‍ മൊഴി ചൊല്ലുന്നതോടെ ജയിലിലാകുന്ന ഭര്‍ത്താവ് എങ്ങിനെയാണ് ജീവനാംശം നല്‍കുക എന്നതിനെപറ്റി നിയമം ഒന്നും പറയുന്നില്ല. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന നിയമം അവരെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ്. സാധുതയില്ലാത്ത ഒരു വാചകം പറഞ്ഞതിന്റെ പേരില്‍ മുസ്‌ലിം ഭര്‍ത്താക്കന്മാര്‍ക്കെതിരെ മാത്രം നിയമ നടപടി സ്വീകരിക്കുക എന്നത് നീതീകരിക്കാനാവാത്തതാണ്. മാത്രമല്ല ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയേറെയാണ്. യാതൊരു മുന്‍കരുതലുമില്ലാതെ ധൃതിപിടിച്ചുള്ള നിയമ നിര്‍മ്മാണം ന്യൂനപക്ഷങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. തെരുവില്‍ അക്രമം നേരിടുക മാത്രമല്ല അവരുടെ ഭരണഘടനാപരമായ അവകാശങ്ങളും എടുത്തുകളയുകയാണ്. ഭര്‍ത്താവ് ജാമ്യം ലഭിക്കാതെയോ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയോ ചെയ്യുന്ന പക്ഷം ഭാര്യക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കാന്‍ കഴി യാതെ വരുമ്പോള്‍ അവ എങ്ങനെ ഈടാക്കും? ഭര്‍ത്താവിന് മറ്റു വരുമാന മാര്‍ഗങ്ങളൊന്നും ഇല്ലാത്ത പക്ഷം അവ സര്‍ക്കാര്‍ ഏറ്റെടുക്കുമോ?
2017 ലെ മുത്തലാഖ് ബില്ലിലെ വ്യവസ്ഥയനുസരിച്ച് മുത്തലാഖ് ചൊല്ലുന്നത് മൂന്നു വര്‍ഷം തടവും പിഴയും ചുമത്താവുന്ന കുറ്റമാണ്. എന്നാല്‍ ഇവിടെ ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ടായതാണ്. 2018ലെ പുതുക്കിയ മുത്തലാഖ് ബില്ലിലെ വ്യവസ്ഥയനുസരിച്ച് പ്രതിക്ക് ജാമ്യമനുവദിക്കുന്നതിനു മുമ്പായി പരാതിക്കാരുടെ വാദം കൂടി കേട്ടിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് ഇന്ത്യയിലെ ഒരു നിയമത്തിലുമില്ല എന്നതാണ് വസ്തുത. കേട്ടുകേള്‍വി പോലുമില്ലാത്ത ന്യായങ്ങള്‍ നിരത്തിയാണ് ഭരണകൂടം ബില്ലിനെ അനുകൂലിക്കുന്നത്. നിയമപരമായി ഒരു പിന്‍ബലവുമില്ലാത്ത മുത്വലാഖിലെ ഒരു വാചകം മൊഴിഞ്ഞാല്‍ പരാതിക്കാരിക്കോ അവരുടെ ബന്ധപ്പെട്ടവര്‍ക്കോ പൊലീസില്‍ പരാതി നല്‍കിയാല്‍ നേരിട്ട് കേസെടുക്കാമെന്ന വ്യവസ്ഥ അന്യായവും വിവേചനപരവുമാണ്.
1890 ലെ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്‌സ് ആക്ട് പ്രകാരം കുഞ്ഞുങ്ങളുടെ അവകാശത്തെ സംബന്ധിച്ച് ഉത്തമ രീതിയില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കുടുംബ കോടതിയാണ്. അവരുടെ ക്ഷേമത്തിനെയാണ് കോടതി പരിഗണിക്കുന്നത്. പൊതു നിയമങ്ങള്‍ക്ക് വിരുദ്ധമായി കുട്ടികളുടെ സംരക്ഷണച്ചുമതല മാതാവിന് മാത്രമാണെന്ന ഏകപക്ഷീയമായ വ്യവസ്ഥയും തുല്യനീതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ കടുത്ത വിവേചനമാണ്.
വിവാഹവും വിവാഹമോചനവുമടക്കമുള്ള കാര്യങ്ങള്‍ പേഴ്‌സണല്‍ ലോയുടെ പരിധിയിലാണ് വരുന്നത്. ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം സംരക്ഷിക്കപ്പെട്ടതാണ് പെഴ്‌സണല്‍ ലോ. അങ്ങനെ വരുമ്പോള്‍ നിര്‍ദ്ദിഷ്ട നിയമം മൗലികാവകാശലംഘനമാണ്. സിവില്‍ നിയമ വ്യവഹാര പരിധിയില്‍ വരുന്ന വിവാഹമോചനത്തെ മുസ്‌ലിംകള്‍ക്ക് മാത്രമായി ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നത് വിവേചനപരമാണ്. മറ്റു സമുദായങ്ങളിലെ വിവാഹമോചനങ്ങള്‍ക്ക് ബാധകമാകാത്ത നിയമമാണിത്. അതുകൊണ്ട് തന്നെ ഭരണഘടനയുടെ 14-ാം അനുച്ഛേദം ഉറപ്പ്‌നല്‍കുന്ന സമത്വത്തിനുള്ള അവകാശമാണിവിടെ നിഷേധിക്കപ്പെടുന്നത്. മുത്തലാഖിനെ രാജ്യദ്രോഹം, കള്ളനാണയം നിര്‍മിക്കുക, മതസ്പര്‍ദ്ധ വളര്‍ത്തുക, മോഷണ വസ്തു സ്വീകരിക്കുക തുടങ്ങി മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്ക് സമാനമായി പരിഗണിക്കുന്നത് തീര്‍ത്തും അന്യായമാണ്. ഒരു മതത്തിന്റെ ഭാഗമായത്‌കൊണ്ട് മാത്രം ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാവുന്നത് അന്യായവും അയുക്തിപരവും വിവേചനപരവുമാണ്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി.ജെ.പിയുടെ നെറികെട്ട രാഷ്ട്രീയ പ്രചാരണത്തിന് വേഗം കൂടുകയാണ്. ഏക സിവില്‍ കോഡാണ് ലക്ഷ്യം വെക്കുന്നത്. ഭരണ പരാജയം മറച്ചുവെക്കാനും രാജ്യം നേരിടുന്ന ഗൗരവപരമായ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനും വേണ്ടിയുള്ള രാഷ്ട്രീയ നീക്കം മാത്രമാണിത്. മുസ്‌ലിം സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യംവെക്കുന്നതെങ്കില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും അവരെ ശാക്തീകരിക്കുന്ന നടപടികള്‍ സ്വീകരിക്കുകയും വംശീയമായ അതിക്രമങ്ങളില്‍നിന്ന് അവരെ സംരക്ഷിക്കുകയുമാണ് വേണ്ടത്. ഇപ്പോള്‍ മുസ്‌ലിം പുരുഷന്മാരെ ക്രൂരമായി ചിത്രീകരിക്കുന്ന അപമാനകരമായ നിയമം കൊണ്ടുവന്നിരിക്കുന്നു. ബാബരി ധ്വംസനം പോലെ കരിദിനമായി ആചരിക്കേണ്ട ദിനമാണ് കഴിഞ്ഞത്. ഏകപക്ഷീയമായി പൗരാവകാശങ്ങളെ യും വിശ്വാസ സ്വാതന്ത്ര്യത്തേയും ഹനിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍.

chandrika: