ന്യൂഡല്‍ഹി: മുത്തലാഖ് സമ്പ്രദായത്തില്‍ സ്ത്രീകള്‍ക്ക് അത് വേണ്ടെന്നു വെക്കാനുള്ള അവസരം നല്‍കിക്കൂടേ എന്ന് സുപ്രീംകോടതി. വിവാഹക്കരാറിന്റെ സമയത്ത് തന്നെ ഇത് സംബന്ധമായ സമ്മതം ചോദിച്ച് രേഖപ്പെടുത്തിക്കൂടെ എന്നും കോടതി ചോദിച്ചു. എന്നാല്‍ മുത്തലാഖ് പാപമാണെന്ന ബോധനം നല്‍കി പ്രമേയം ഇറക്കിയെന്ന് പറഞ്ഞ വ്യക്തി നിയമ ബോര്‍ഡ് സ്ത്രീകള്‍ക്ക് കൂടി അവസരം നല്‍കുന്നതിനെക്കുറിച്ച് പരിഗണിക്കാമെന്നും അറിയിച്ചു.
വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി മുന്‍ മന്ത്രി കപില്‍ സിബലാണ് സുപ്രീംകോടതിയില്‍ ഹാജറായത്. നേരത്തേ, പൗരന്റെ മൗലികാവകാശത്തിനെതിരായ നീക്കമാണ് മുത്തലാഖ് എന്ന വാദം ശരിയല്ല; മുത്തലാഖ് 1400 വര്‍ഷങ്ങളായി മുസ്‌ലിംകള്‍ അനുവര്‍ത്തിച്ചു വരുന്ന വിവാഹ മോചന രീതിയാണെന്നും ഇക്കാര്യത്തില്‍ ഭരണഘടനാപരമായ ധാര്‍മികതയുടെയും സമത്വത്തിന്റെയും പ്രശ്‌നം ഉദിക്കുന്നില്ലെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന് വേണ്ടി ഹാജറായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതിയില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡിന്റെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേഹാര്‍ അടങ്ങുന്ന പ്രത്യേക ഭരണഘടനാ ബെഞ്ചാണ് മുത്തലാഖ് വിഷയത്തില്‍ വാദം കേള്‍ക്കുന്നത്.