ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ രാജ്യസഭയില്‍ പാസാക്കാനാകാതെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ബില്‍ രാജ്യസഭയുടെ ഇന്നത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഭരണ പ്രതിപക്ഷങ്ങള്‍ക്കിടയിലെ ഭിന്നത രൂക്ഷമായി തുടരുന്നതിനാല്‍ ബില്‍ ചര്‍ച്ചയ്‌ക്കെടുത്തില്ല. അതേസമയം ബി.ജെ.പിയും കോണ്‍ഗ്രസും പാര്‍ട്ടി എം.പിമാര്‍ക്കു വിഷയത്തില്‍ വിപ്പ് നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ്് അവഗണിച്ച് ലോക്‌സഭയില്‍ കഴിഞ്ഞ ഡിസംബര്‍ 28നാണ് മുത്തലാഖ് നിരോധന ബില്‍ പാസാക്കിയത്. ശീതകാല സമ്മേളനത്തില്‍ ബില്ല് പാസാക്കാന്‍ സാധിക്കാത്തതിനാല്‍ വരുന്ന ബജറ്റ് സമ്മേളനത്തിലാകും ഇനി മുത്തസലാഖ് ബില്‍ പരിഗണിക്കുക.
മുത്തലാഖ് നിരോധന ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യസഭയില്‍ ബഹളം വെക്കുകയും സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയുമായിരുന്നു. എന്നാല്‍ ഭരണപക്ഷം ഇതു ചെവികൊണ്ടില്ല. അതേസമയം ബില്ലിലെ പോരായ്മകള്‍ പരിഹരിച്ച് ഭേദഗതികള്‍ വരുത്തിയാല്‍ അംഗീകരിക്കാമെന്ന് കോണ്‍ഗ്രസ് ഇന്നലെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സമവായം പിന്നീട് സാധ്യമായില്ല. പ്രതിഷേധങ്ങളിലും ബഹളങ്ങളിലും സഭാ നടപടികള്‍ തടസ്സപ്പെടുന്നതില്‍ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു അതൃപ്തി അറിയിച്ചു.