ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധവും മുസ്്‌ലിം സ്ത്രീകളോടുള്ള ക്രൂരതയുമാണെന്ന് അലഹാബാദ് ഹൈക്കോടതി. ഒരു വ്യക്തിനിയമ ബോര്‍ഡും ഭരണഘടനക്കു മുകളിലല്ലെന്നും സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സുനീത് കുമാര്‍ വിധിച്ചു.
ആദ്യ ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനത്തില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മധ്യവയസ്‌കന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മുസ്്‌ലിം വ്യക്തിനിയമത്തിലെ വിവാഹ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായും വിശുദ്ധ ഖുര്‍ആനിലേയും പ്രവാചക ചര്യകളിലേയും ആശയങ്ങള്‍ക്ക് അനുസരിച്ചല്ലെന്ന് കോടതി വിധിന്യായത്തില്‍ പറയുന്നു.
അങ്ങേയറ്റത്തെ അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് ഇസ്്‌ലാം വിവാഹ മോചനം അനുവദിക്കുന്നത്. എല്ലാ സമവായ ശ്രമങ്ങളും പരാജയപ്പെടുന്ന ഘട്ടത്തില്‍ മാത്രമാണ് വിവാഹ ബന്ധം വേര്‍പ്പെടുത്താനും ത്വലാഖിനും അനുമതിയുള്ളത്. രാജ്യത്തെ ഭരണഘടന ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അവകാശത്തിനു മുകളിലല്ല വ്യക്തി നിയമങ്ങള്‍. ഒരു രാജ്യം എന്ന നിലയിലുള്ള ഇന്ത്യയുടെ വളര്‍ച്ചയെ ഇത്തരം ഇന്‍സ്റ്റന്റ് വിവാഹ മോചനങ്ങള്‍(മുത്തലാഖ്) ബാധിക്കും. മുത്തലാഖിന്റെ നിയമസാധുത സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പരാമര്‍ശിക്കുന്നില്ല.
രണ്ടാം വിവാഹത്തിനു വേണ്ടി മാത്രമാണ് പരാതിക്കാരന്‍ ആദ്യ ഭാര്യയുമായുള്ള ബന്ധം മുത്തലാഖിലൂടെ വേര്‍പ്പെടുത്തിയത് എന്നതിനാലാണ് ഹര്‍ജി തള്ളുന്നതെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിയെക്കുറിച്ച് പഠിച്ച ശേഷം തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദും മുസ്്‌ലിം വ്യക്തി നിയമ ബോര്‍ഡും വ്യക്തമാക്കി.