ഖുര്‍ആന് എതിരെങ്കില്‍ ബില്‍ അംഗീകരിക്കില്ലെന്ന്
വനിതാ വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന മുത്തലാഖ് ബില്‍ ഖുര്‍ആനും ഭരണഘടനയ്ക്കും എതിരാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്ന് വനിതാ മുസ്്‌ലിം വ്യക്തിനിയമബോര്‍ഡ്. ബില്‍ പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.’
നിക്കാഹ് (വിവാഹം) ഒരു ഉടമ്പടിയാണ്. അതു പൊളിക്കുന്നവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ബില്‍ ഖുര്‍ആനും ഭരണഘടനയ്ക്കും എതിരാണെങ്കില്‍ ഒരു മുസ്്‌ലിമും അതംഗീകരിക്കില്ല’ – ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ശിയാസ്ത അംബര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് നിയമകമ്മീഷന് കത്തയച്ചിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. നേരത്തെ, ബില്‍ അവതരിപ്പിക്കരുതെന്ന് മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡും വ്യക്തമാക്കിയിരുന്നു. ബില്ലിനെതിരെ മുസ്്‌ലിംലീഗും രംഗത്തുവന്നിരുന്നു.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് കേന്ദ്രം മുസ്്‌ലിം വുമണ്‍ (പ്രൊട്ടക്്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ മാര്യേജ്) എന്ന പേരില്‍ പുതിയ നിയമം കൊണ്ടുവരുന്നത്. മുത്തലാഖ് ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നതാണ് ബില്‍. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ബില്‍ തയാറാക്കിയത്.
വാക്കു കൊണ്ടുള്ള മൊഴിചൊല്ലല്‍, ഇ-മെയില്‍, എസ്. എം. എസ്, വാട്‌സാപ്പ് വഴിയുള്ള ത്വലാഖുകള്‍ തുടങ്ങിയവയെല്ലാം നിയമപരമല്ലെന്നും അസാധുവാണെന്നും ബില്‍ നിഷ്‌കര്‍ഷിക്കുന്നു. ഇത്തരത്തില്‍ ത്വലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കേന്ദ്രമന്ത്രിസഭ ബില്ലിന് അനുമതി നല്‍കിയിരുന്നു.
ബില്‍ തയാറാക്കുന്നതിന് മുമ്പ് മുസ്്‌ലിംസംഘടനകളുമായി കൂടിയാലോച്ചിട്ടില്ലെന്ന് നേരത്തെ ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീയുടെ അന്തസ്സിന്റെ പ്രശ്‌നമായാണ് വിഷയത്തെ കാണുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ ആവശ്യമില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതിന് ശേഷം 66 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു.