അതിതീവ്ര കോവിഡ് വ്യാപനത്തിന് സാക്ഷ്യം വഹിക്കുകയാണ് രാജ്യം. കേരളമടക്കം പല സംസ്ഥാനങ്ങളിലും പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുതിച്ചുയരുകയാണ്. ഇതിനിടെ ആശങ്ക വര്‍ധിപ്പിക്കുകയാണ് ഇന്ത്യയിലെ കോവിഡ് ഇരട്ട വകഭേദത്തിന് ഇനിയൊരു ജനിതകവ്യതിയാനം കൂടി സംഭവിച്ചു എന്ന റിപ്പോര്‍ട്ടുകള്‍.
ഈ ‘ട്രിപ്പിള്‍ മ്യൂട്ടേഷന്‍’ വകഭേദം രാജ്യത്തിന്റെ ചിലഭാഗങ്ങളില്‍ കണ്ടെത്തി. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാക്കുന്നത് ഈ വകഭേദമാണെന്നും കരുതപ്പെടുന്നു. മൂന്ന് കോവിഡ് വകഭേദങ്ങളുടെ സവിശേഷതകള്‍ ഒരുമിച്ചു ചേരുന്നതാണ് ‘ട്രിപ്പിള്‍ മ്യൂട്ടേഷന്‍’ വകഭേദം. എന്നാല്‍ ഇരട്ട വകഭേദത്തെ പോലെ ആശങ്കയുണര്‍ത്തുന്ന വകഭേദമായി ‘ട്രിപ്പിള്‍ മ്യൂട്ടേഷന്‍’ വകഭേദത്തെ ഇന്ത്യയില്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഈ പുതിയ വകഭേദത്തിന്റെ വ്യാപന ശേഷിയെ കുറിച്ചോ, അതുണ്ടാക്കുന്ന രോഗതീവ്രതയെക്കുറിച്ചോ, ആന്റിബോഡികളെ നേരിടാനുള്ള അതിന്റെ കരുത്തിനെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം വൈറസുകളുടെ ജനിതക സീക്വന്‍സിങ് ഇന്ത്യയില്‍ ഒച്ചിഴയും വേഗത്തില്‍ നടക്കുന്നത് വലിയ ഭീഷണി ഉയര്‍ത്തുന്നതായി ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.