X

നാല് ജില്ലകളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രപ്പില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. മറ്റു പത്തുജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരും.
ട്രപ്പില്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന ജില്ലകളിലെ അതിര്‍ത്തികള്‍ അടച്ചിടും. ഈ ജില്ലകളിലെ പ്രദേശങ്ങളില്‍ പ്രവേശനത്തിനും പുറത്തു പോകുന്നതിനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാകുക.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ 10,000 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്‍ക്കുക, മാസ്‌ക്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകും.
ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്റൈന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ്ങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്ക് മാത്രമല്ല, അതിനു സഹായം നല്‍കുന്നവര്‍ക്കെതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കര്‍ശനമായ നടപടികള്‍ എടുക്കും.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ മെഡിക്കല്‍ സ്‌റ്റോര്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ തുറക്കും. ബേക്കറി, പലവ്യഞ്ജനം എന്നീ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും. പാല്‍, പത്രം രാവിലെ 6 മണിക്ക് മുന്‍പ് വിതരണം ചെയ്യണം. കണ്ടെയ്ന്‍മെന്റ് സോണ്‍ പൂര്‍ണ്ണമായും അടയ്ക്കും. ബാങ്കുകള്‍ ചൊവ, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും പ്രവര്‍ത്തന സമയം. സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കും. ബാങ്കുകള്‍ മിനിമം ജീവനക്കാരെ വെച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. വീട്ടുജോലിക്കാര്‍ക്കും ഹോം നഴ്‌സുമാര്‍ക്കും പ്ലംബര്‍മാര്‍ക്കും ഇലക്ട്രീഷ്യന്‍മാര്‍ക്കും പാസ് വാങ്ങി ജോലിക്ക് പോകാം.

വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. അകത്തേയ്ക്കും പുറത്തേയ്ക്കും യാത്രയ്ക്കായുള്ള ഒരു റോഡൊഴികെ കണ്ടെയ്ന്‍മെന്റ് സോണ്‍ മുഴുവനായും അടയ്ക്കും. ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് വാര്‍ഡ് സമിതികള്‍ നേതൃത്വം നല്‍കണം. കമ്യൂണിറ്റി കിച്ചനുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണം. അതില്‍ക്കവിഞ്ഞുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പരിപൂര്‍ണമായി ഒഴിവാക്കണം. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അതത് ജില്ലാ ഭരണകൂടങ്ങള്‍ പുറത്തിറക്കും.

 

 

 

Test User: