X
    Categories: MoreViews

ത്രിപുരയില്‍ കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി

 

അഗര്‍ത്തല: ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മുഖ്യമന്ത്രി സ്ഥാനമോ, രാജ്യസഭാ സീറ്റോ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി ത്രിപുര പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റും രാജകുടുംബാംഗവുമായ പ്രദ്യോത് മാണിക്യ ദേബ് ബര്‍മ. ഇതുസംബന്ധിച്ച് നേരത്തെ രണ്ട് തവണ ബി.ജെ.പി നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് ഹിമന്ദ ബിശ്വ ശര്‍മ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ തന്നെ സമീപി ച്ചു. വിശ്വാസ്യതയും ആശയവും അടിയറവെക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞ ദേബ് ബര്‍മ ബി.ജെ.പിയുടെ ആശയം തനിക്ക് യോജിക്കുന്നതല്ലെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിന്റേതായ രീതിയിലാണ് തനിക്ക് സുരക്ഷ തോന്നുന്നത്. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പാണ് ബര്‍മ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തുന്നത്.
കോണ്‍ഗ്രസിന്റെ 10 സിറ്റിങ് എം.എല്‍. എമാരില്‍ ഏഴു പേര്‍ ആദ്യം തൃണമൂലിലും പിന്നീട് ബി.ജെ.പിയിലും ചേര്‍ന്നിരുന്നു. ബി.ജെ.പിയില്‍ ചേരുന്നതിനായി വന്‍തോതിലുള്ള പണവും വാഗ്ദാനവുമാണ് ലഭിക്കുന്നതെന്ന് ദേബ് ബര്‍മന്‍ പറഞ്ഞു. ബി.ജെ.പി പണം നല്‍കി ആളുകളെ വാടകക്കെടുക്കുകയാണ്. 2019ല്‍ കേന്ദ്ര ഭരണത്തില്‍ മാറ്റം വന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ തിരികെ വരുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മത്സര രംഗത്തിറക്കിയ 51 പേരില്‍ 46 പേര്‍ മുന്‍ കോണ്‍ഗ്രസുകാരോ അല്ലെങ്കില്‍ മുന്‍ എം.എല്‍.എമാരോ ആണ്. 55 പിന്നിട്ടവര്‍ പെട്ടെന്ന് ബി.ജെ. പിയില്‍ ചേരുന്നത് ആശയം കാരണമല്ലെന്നും പണവും സ്ഥാനവും മാത്രം മോഹിച്ചാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ. പി ചെലവിടുന്ന പണം പ്രാദേശികമായി സ്വരൂപിക്കുന്നതല്ല. ഇത്രയധികം പണം ത്രിപുര തെരഞ്ഞെടുപ്പില്‍ ചെലവിടുന്നത് താന്‍ ആദ്യമായി കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവസരവാദികളെ കൂടെക്കൂട്ടിയ ബി.ജെ.പി തെരഞ്ഞെടുപ്പിന് ശേഷം ഇതിന്റെ വില മനസിലാക്കും. ബി.ജെ.പിയെ പിന്തുണക്കുന്ന മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതു പോലുള്ള തരത്തില്‍ ഇവിടെ ബി.ജെ.പിക്ക് യാതൊരു മുന്നേറ്റവും ഉണ്ടാക്കാനാവില്ലെന്നും ബര്‍മ പറഞ്ഞു. മാര്‍ച്ച് മൂന്നിന് ഫല പ്രഖ്യാപനത്തിന് ശേഷം വന്നാല്‍ പുറമെ നിന്നു വന്നവര്‍ ഒഴിഞ്ഞ പെട്ടിയും പൂട്ടി പോകുന്നത് കാണാമെന്നും അദ്ദേഹം പരിഹസിച്ചു.

chandrika: