കൊല്‍ക്കത്ത : ബംഗാളിലെ ഹിന്ദുക്കളെ വര്‍ഗീയ കാര്‍ഡിലൂടെ ഒന്നിപ്പിക്കാന്‍ രാമനവമി ദിനത്തില്‍ റാലി സംഘടിപ്പിച്ച് ബി.ജെ.പി. എന്നാല്‍ മഹാനവമി റാലിയും മറ്റു ഹൈന്ദവ ഉല്‍സവങ്ങളും ബിജെപിയുടെ കുത്തകയല്ലെന്ന് തിരിച്ചടിച്ച് തൃണമൂല്‍ കോണ്‍ഗ്രസും രാമനവമി റാലി സംഘടിപ്പിച്ചു. ഇതോടെ ബംഗാളിന്റെ ചരിത്രത്തിലാദ്യമായാണ് രാമനവമി റാലിതൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്.
നേരത്തെ മുന്‍വര്‍ഷങ്ങളിലെ പോലെ ആയുധങ്ങളുമായി റാലി നടത്താനാവില്ലയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഞായറാഴ്ച ഇതുവകവെക്കാതെ പാരമ്പര്യത്തെ ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ മുകുള്‍ റോയി, സായന്തന്‍ ബസു തുടങ്ങിയവരെല്ലാം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാമനവമി റാലി നടത്തി. ഇതിനുപിന്നാലെ ഹിന്ദുവിരുദ്ധത മുഖമുദ്രയാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സംസ്ഥാനത്തെ ഹിന്ദുക്കളെ ഒന്നിപ്പിക്കാനുള്ള ആദ്യ ശ്രമമാണു രാമനവമി റാലികളെന്നും ബിജെപിയുടെ ബംഗാളിലെ അധ്യക്ഷന്‍ ദിലീപ് ഘോഷ് വ്യക്തമാക്കി
ഇതിനു മറുപടിയായി മുതിര്‍ന്ന നേതാക്കളേയും മന്ത്രിമാരേയും അണിനിരത്തിയായിരുന്നു തൃണമൂലിന്റെ രാമനവമി റാലി. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സദന്‍ പാണ്ഡെ തുടങ്ങിയവര്‍ റാലികളിലും പങ്കെടുത്തിരുന്നു. മഹാനവമി റാലിയും മറ്റു ഹൈന്ദവ ഉല്‍സവങ്ങളും ബിജെപിയുടെ കുത്തകയല്ലെന്നും രാമനവമി ദിനത്തിന്റെ പേരില്‍ വര്‍ഗീയമായി സ്ംസ്ഥാനത്തെ ജനങ്ങളെ വേര്‍തിരിക്കാനുള്ള ശ്രമങ്ങളെ എന്തു വിലക്കൊടുത്തും ചെറുക്കാനാണ് തങ്ങള്‍ റാലികളും ഘോഷയാത്രകളും സംഘടിപ്പിക്കുന്നതെന്നും തൃണമൂല്‍ വ്യക്തമാക്കി.
രാമനവമി റാലി സംഘടിപ്പിച്ച് വര്‍ഗീയ കാര്‍ഡിലൂടെ ബംഗാളില്‍ ശക്തിവര്‍ധിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് അതേ നാണയില്‍ തിരിച്ചടി നല്‍കിയിരിക്കുകയാണ് മമത ബാനര്‍ജി.