X

ത്രിവര്‍ണ പ്രതീക്ഷകള്‍-ഫിര്‍ദൗസ് കായല്‍പ്പുറം

മൂല്യാധിഷ്ഠിത രാഷ്ട്രീയവും ഫാസിസവും തമ്മില്‍ ഏറ്റുമുട്ടുന്ന വര്‍ത്തമാന സാഹചര്യത്തില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ‘ചിന്തന്‍ ശിബിരം’ പകരുന്ന സന്ദേശം ഏറെ പ്രസക്തമാണ്. രാജ്യത്ത് ജനാധിപത്യത്തിന്റെ തായ്‌വേര് പാകിയ കോണ്‍ഗ്രസ് ഒരു മുന്നേറ്റത്തിനുള്ള പടയൊരുക്കുന്നു. ദേശീയതലത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് പാര്‍ട്ടി അതിന് സജ്ജമായ രാഷ്ട്രീയാന്തരീക്ഷം ഒരുക്കിക്കഴിഞ്ഞു. ആ ത്രിവര്‍ണ പ്രതീക്ഷയുടെ ചിറകില്‍ അണിനിരക്കാന്‍ മതേതരകക്ഷികളും തയാറായിക്കഴിഞ്ഞു. കോണ്‍ഗ്രസ് അതിന്റെ സാംസ്‌കാരിക അടിത്തറയില്‍ നിന്നുകൊണ്ട് കെട്ടുറപ്പോടെ ഉണര്‍ന്നെണീക്കുകയാണ്.

എത്രയെല്ലാം തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയമായി എങ്ങനെയെല്ലാം അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ചാലും ഓരോ പൗരനും പുലര്‍ത്തുന്ന നേരിന്റെ ബോധ്യങ്ങളില്‍ കോണ്‍ഗ്രസ് അല്ലാതെ മറ്റൊന്നില്ല. ത്യാഗങ്ങളിലൂടെ നേടിയെടുത്ത വിശാലമായ മാനവികതയെ കാവിപുതപ്പിക്കാനുള്ള ഗൂഢശ്രമങ്ങളെ സമഭാവനയുടെ രാഷ്ട്രീയം കൊണ്ട് നേരിടാനുള്ള കര്‍മ്മപരിപാടിയാണ് ചിന്തന്‍ ശിബിരത്തില്‍ വിളംബരം ചെയ്യപ്പെട്ടത്. അത് കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ല. ‘ഇനിയും വൈകാന്‍ പാടില്ല’ എന്ന ഉറച്ച നിലപാടിന്റെ പ്രതിഫലനമാണ്.

‘അധികാരത്തിലെത്തുക’ എന്നതിനപ്പുറം ജനാധിപത്യത്തെയും ഭരണഘടനയെയും മതേതരത്വത്തെയും സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസിനു മാത്രമേ അതിനു സാധിക്കൂ. ഫാസിസത്തിനെതിരെ പോരാടി രാജ്യത്തിന്റെ നന്മയുള്ള ഇന്നലെകളെ തിരിച്ചുപിടിക്കാനുള്ള പ്രയാണത്തിന്റെ തുടക്കമാണ് ചിന്തന്‍ ശിബിരം പറഞ്ഞുവെക്കുന്ന സന്ദേശം.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി- സംഘപരിവാര്‍ ശക്തികളെ പരാജയപ്പെടുത്തിക്കൊണ്ടു മാത്രമേ മതേതര ഇന്ത്യയെ വീണ്ടെടുക്കാനാവൂ എന്ന ഉറപ്പിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു ചിന്തന്‍ ശിബിരത്തിലെ അഞ്ച് സെഷനുകളിലായി നടന്ന ചര്‍ച്ചകള്‍. കോണ്‍ഗ്രസിന്റെ പതിവ് പ്രവര്‍ത്തന രീതികളില്‍ നിന്ന് വ്യത്യസ്തമായി ചില വിഷയങ്ങളില്‍ നേരത്തേതന്നെ തീരുമാനമെടുക്കുന്നു എന്നതാണ് ശിബിരം നല്‍കുന്ന പ്രതീക്ഷ.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആറു മാസം മുന്‍പ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പ്രത്യേക കമ്മിറ്റി നിലവില്‍ വരും. എ.ഐ.സി.സി നിഷ്‌കര്‍ഷിക്കുന്ന സമയക്രമം പാലിച്ച് പാര്‍ട്ടി പുന:സംഘടന പൂര്‍ത്തിയാക്കും. രാഷ്ട്രീയ കാര്യസമിതിയുടെ മാതൃകയില്‍ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും സമിതികള്‍ രൂപീകരിക്കും. യുവാക്കള്‍ക്കും വനിതകള്‍ക്കും എല്ലാ ഘടകങ്ങളിലും അവസരം ഉറപ്പാക്കും. ബൂത്ത് തലങ്ങളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരെ നിയോഗിക്കും. ഇക്കാര്യങ്ങള്‍ക്കായി ആറ് മാസം നീളുന്ന വിപുലമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും എന്നീ തീരുമാനങ്ങള്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ ഏറെ ഉതകുന്നതാണെന്നതില്‍ സംശയമില്ല.

കേരളത്തില്‍ യു.ഡി.എഫ് സംവിധാനം വളരെ ശക്തമായി മുന്നോട്ടുപോകുന്നുണ്ട്. ഇതിലേക്ക് കൂടുതല്‍ കക്ഷികളെ ചേര്‍ക്കാനുള്ള തീരുമാനവും സംസ്ഥാന രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ് ലക്ഷ്യങ്ങള്‍ക്ക് ഉണര്‍വേകും. മുന്നണി വിപുലീകരിക്കാന്‍ തീരുമാനമെടുക്കുന്നതിനൊപ്പം, കേരളത്തില്‍ ഇടതുഭരണത്തിനെതിരായ ഉറച്ച രാഷ്ട്രീയ നിലപാട് സ്വീകരിക്കും. ഇവിടെ സി.പി.എമ്മും ദേശീയ തലത്തില്‍ ബി.ജെ.പിയുമാണ് ശത്രുക്കളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ചിന്തന്‍ ശിബിരത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ തിരികെ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞത് പ്രതാപകാലത്തേക്കുള്ള പ്രയാണ സൂചനയാണ്. ഇതോടൊപ്പം കേരളത്തിലെയും രാജ്യത്താകെയും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പിയുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്ന കക്ഷികളുമായി തുറന്നപോരിനു തന്നെയാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്.കോണ്‍ഗ്രസ് ശക്തിപ്പെടുന്നതിലൂടെ മാത്രമേ രാജ്യത്ത് സാഹോദര്യവും ജനാധിപത്യവും നിലനിര്‍ത്താനാകൂ എന്ന തിരിച്ചറിവില്ലാതെ അന്ധമായ കോണ്‍ഗ്രസ് വിരോധത്താല്‍ ബി.ജെ.പിയുമായി രഹസ്യബാന്ധവം സ്ഥാപിക്കുന്ന സി.പി.എം അടക്കമുളളവര്‍ക്കുള്ള മുന്നറിയിപ്പാണ് ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നത്. വി.ഡി സതീശന്‍, കെ. സുധാകരന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിങ്ങനെ കരുത്തുറ്റ നേതൃനിരയുള്ളപ്പോള്‍ കേരളത്തില്‍ ഇതിനെ മറികടക്കാന്‍ കോണ്‍ഗ്രസിന് നിഷ്പ്രയാസം സാധിക്കുമെന്നതില്‍ സംശയമില്ല.

ജനങ്ങള്‍ ഭയത്തോടെ ജീവിക്കേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരായ ചര്‍ച്ചക്കുള്ള സമയമായെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നു. ന്യൂനപക്ഷങ്ങളോടുള്ള ക്രൂരത തുടര്‍ക്കഥയാകുമ്പോള്‍, ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമായി പറയാന്‍ ആര്‍ജ്ജവമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. നെഹ്‌റുവിനെ പോലുള്ള നേതാക്കളുടെ ത്യാഗങ്ങളും സംഭാവനകളും നരേന്ദ്രമോദി സര്‍ക്കാര്‍ ഇല്ലാതാക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടാനുള്ള കരുത്ത് കോണ്‍ഗ്രസിനുണ്ടാകണം. അതിന്റെ തുടക്കമായി വേണം ചിന്തന്‍ ശിബിരത്തിലെ ഉറച്ച തീരുമാനങ്ങളെ വിലയിരുത്താന്‍.

Chandrika Web: