X

മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾക്കുള്ള ആദരവും സംസ്ഥാന സംഗമവും ബുധനാഴ്ച

കോഴിക്കോട്: വയനാട്ടിൽ ഉണ്ടായ പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതാശ്വാസ സന്നദ്ധ സേവനമനുഷ്ഠിച്ച വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നൽകുന്ന ആദരവും വൈറ്റ് ഗാർഡ് സംഗമവും ബുധനാഴ്ച്ച (സപ്തംബർ 11 ന്) 3 മണിക്ക് കോഴിക്കോട് സരോവരം ട്രേഡ് സെൻ്റിൽ നടക്കും. സംഗമവും ആദരിക്കലും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ്‌ ബഷീർ, സീനിയർ വൈസ് പ്രസിഡന്റ്‌ എം.പി അബ്ദു സമദ് സമദാനി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ മുനീർ എന്നിവർ പ്രസംഗിക്കും. ഡോ. എസ്.എസ് ലാൽ, സുലൈമാൻ മേൽപ്പത്തൂർ വിഷയാവതരണം നടത്തും. മുസ്‌ലിം ലീഗ് ദേശീയ – സംസ്ഥാന നേതാക്കൾ, എം.എൽ.എമാർ പരിപാടിക്ക് അഭിവാദ്യങ്ങൾ നേരും.

വയനാട്ടിൽ ഉരുൾപൊട്ടൽ മേഖലയിൽ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ നടത്തിയ രക്ഷാപ്രവർത്തനം സമാനതകളില്ലാത്തതായിരുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്താനും അവയുടെ സംസ്കാരത്തിന് നേതൃത്വം നൽകാനും മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും വൈറ്റ് ഗാർഡ് അംഗങ്ങൾ മുൻപന്തിയിൽ നിന്നു. ദുരന്ത മണ്ണിലെ ഇവരുടെ സേവന പ്രവർത്തനങ്ങൾ ദേശീയ മാധ്യമങ്ങൾ വരെ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. പ്രകൃതി ദുരന്തങ്ങളിലും കൊവിഡ്, നിപ്പ തുടങ്ങിയവ ഉണ്ടായപ്പോഴും വൈറ്റ് ഗാർഡിൻ്റെ സേവനം കേരളം കണ്ടറിഞ്ഞതാണ്.

വൈറ്റ് സംഗമത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുള്ള വൈറ്റ് ഗാർഡ് അംഗങ്ങളും പങ്കെടുക്കും.

webdesk14: