X

സാകിര്‍ നായികിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഇസ്‌ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന്റെ സ്വത്ത് കണ്ടുകെട്ടുന്നതില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) അപ്പീല്‍ ട്രൈബ്യൂണല്‍ വിലക്കി. സാകിര്‍ നായിക്കിന്റെ ചെന്നൈയിലെ സ്‌കൂളും മുംബൈയിലെ വ്യാപര സമുച്ചയവും ഏറ്റെടുക്കുന്നതാണ് കള്ളപ്പണം തടയല്‍ നിയമവുമായി ബന്ധപ്പെട്ട് അപ്പീല്‍ കേള്‍ക്കുന്ന ട്രൈബ്യൂണല്‍ തടഞ്ഞത്. സ്വത്ത് കണ്ടുകെട്ടുന്നതിനെക്കുറിച്ച് തനിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് സാകിര്‍ നായിക് അപ്പീലില്‍ ബോധിപ്പിച്ചു.

സ്വത്ത് കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കവേ, അന്വേഷണ ഏജന്‍സികളുടെ ഇരട്ടത്താപ്പ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് മന്‍മോഹന്‍ സിങ് തുറന്നുകാട്ടി. എന്തുകൊണ്ട് സാകിര്‍ നായികിനെതിരെ മാത്രം നടപടി എടുക്കുന്നതെന്നും ആശാറാം ബാപ്പുവിനെതിരെയും നടപടി വേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ‘10,000 കോടി രൂപയിലേറെ സ്വത്തും ക്രിമിനല്‍ കേസുമുള്ള 10 ആള്‍ദൈവങ്ങളുടെ പേര് ഞാന്‍ പറയാം. ഇവരില്‍ ആര്‍ക്കെങ്കിലുമെതിരെ നടപടിയെടുക്കുമോ നായികിനെതിരെ അതിവേഗം പ്രവര്‍ത്തിക്കുന്ന ഇ.ഡി, 10 വര്‍ഷമായിട്ടും ആശാറാം ബാപ്പുവിന്റെ സ്വത്ത് പിടിച്ചെടുക്കാന്‍ നടപടിയെടുത്തിട്ടില്ല’ -ജഡ്ജി ചൂണ്ടിക്കാട്ടി. കുറ്റപത്രത്തില്‍ വേണ്ടത്ര ആരോപണങ്ങളില്ലെന്നിരിക്കെ, നായികിന്റെ സ്വത്ത് എന്തിനാണ് കണ്ടുകെട്ടുന്നതെന്ന് ട്രൈബ്യൂണല്‍ ഇ.ഡി അഭിഭാഷകനോട് ചോദിച്ചു.

സാകിര്‍ നായിക് പ്രസംഗങ്ങളിലൂടെ യുവാക്കളെ പ്രകോപനത്തിന് പ്രേരിപ്പിച്ചുവെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍, നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കള്‍ എത്തിയതിന് തെളിവുണ്ടോ എന്ന് ട്രൈബ്യൂണല്‍ ആരാഞ്ഞു. നായികിന്റെ പ്രസംഗം 2015ലെ ധാക്ക ഭീകരാക്രമണത്തിന് കാരണമായെന്ന ആരോപണത്തിന് കുറ്റപത്രത്തില്‍ തെളിവ് ഹാജരാക്കാനായിട്ടില്ലെന്നും ഇ.ഡി സ്വന്തം സൗകര്യത്തിന് പ്രസംഗത്തിന്റെ 99 ശതമാനവും അവഗണിക്കുകയും ഒരു ശതമാനം മാത്രം എടുക്കുകയുമാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ‘കുറ്റപത്രത്തിന്റെ ഭാഗമായി ചേര്‍ത്ത അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടോ, പല പ്രസംഗങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്. ആക്ഷേപകരമായ എന്തെങ്കിലുമുള്ളതായി ബോധ്യപ്പെട്ടിട്ടില്ല’ -ജഡ്ജി പറഞ്ഞു. നായികിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന എന്‍.ഐ. എയുടെ അപേക്ഷ ഇന്റര്‍പോള്‍ നിരസിച്ചതിനിടെയാണ് മറ്റൊരു അന്വേഷണ ഏജന്‍സിക്ക് കൂടി തിരിച്ചടി നേരിട്ടത്.

chandrika: