ന്യൂഡല്‍ഹി: ഒഡിഷയിലെ സുന്ദര്‍ഗര്‍ ജില്ലയിലെ ഏക്കറുകണക്കിന് ആദിവാസി ഭൂമി ഡാല്‍മിയ സിമെന്റ് കമ്പനി നിയമവിരുദ്ധമായി കൈയടക്കുന്നെന്ന് ആരോപണം. ഭൂമി തട്ടിയെടുക്കുന്നെന്ന് ആരോപിച്ച് ആയിരക്കണക്കിന് ആദിവാസികള്‍ രംഗത്തിറങ്ങി. കലക്ടറേറ്റിലേക്ക് 100 കിലോമീറ്ററോളം പദയാത്രനടത്തിയാണ് ആദിവാസികള്‍ പ്രതിഷേധിച്ചത്.
ജനസംഗതന്‍ ഫോറം ഫോര്‍ ഗ്രാമ സഭയുടെ നേതൃത്വത്തില്‍ ജില്ലയിലെ കക്കുട, അലന്ത, കെശ്രമാല്‍, ജഗാര്‍പൂര്‍ പഞ്ചായത്തുകളിലെ അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ പദയാത്രയില്‍ ഒത്തുചേര്‍ന്നു. കലക്ടറേറ്റില്‍ എത്തിയ പ്രതിഷേധക്കാര്‍ കലക്ടറെ കാണണമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം കാണാന്‍ കൂട്ടാക്കിയില്ല.
പ്രതിഷേധം കടുത്തതോടെ ഇവരെ കാണാന്‍ കലക്ടര്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഭൂമി വിട്ടുനല്‍കാന്‍ വിസമ്മതിച്ചിട്ടും മേല്‍പ്പറഞ്ഞ പഞ്ചായത്തുകളുടെ കീഴിലുള്ള 750 ഏക്കര്‍ ഭൂമി ഡാല്‍മിയ സിമന്റ് കമ്പനിക്ക് നല്‍കിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഈ ഭൂമിയിടപാട് തുടര്‍ന്നാല്‍ 57 ഗ്രാമങ്ങളിലെ 60,000 ആദിവാസികള്‍ കുടിയിറക്കപ്പെടുകയും തൊഴില്‍രഹിതരാകുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു.