X

നഗ്നചിത്രം പ്രചരിപ്പിച്ചു; യോഗി ആദിത്യനാഥിനെതിരെ പരാതിയുമായി യുവതി

ലക്‌നോ: നഗ്നചിത്രം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആദിവാസി യുവതി രംഗത്ത്. അസം സ്വദേശിയായ ലക്ഷ്മി ഓറങാണ് യോഗിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്. സമൂഹമാധ്യമങ്ങള്‍ വഴി ആദിത്യനാഥ് തന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യു.പി മുഖ്യമന്ത്രിക്കു പുറമെ അസമില്‍ നിന്നുള്ള ബിജെപി എം.പി രാംപ്രസാദ് ശര്‍മക്കെതിരെയും യുവതി പരാതി ഉന്നയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുവാഹത്തിയില്‍ ഒരു സമരത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായാണ് യുവതിയുടെ ആരോപണം. ആദിത്യനാഥിന്റെ സോഷ്യല്‍മീഡിയ പേജില്‍ ജൂണ്‍ 13ന് തന്റെ നഗ്ന ചിത്രം പോസ്റ്റ് ചെയ്തതായാണ് യുവതി ആരോപിക്കുന്നത്. സബ്ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ വിവരസാങ്കേതിക വിദ്യാനിയമത്തിലെ വിവിധ വകുപ്പുകള്‍ ഉന്നയിച്ചാണ് യുവതി ഹര്‍ജി നല്‍കിയിരിക്കുന്നത്.
അസം ആദിവാസി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 2007 നവംബറില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പകര്‍ത്തിയ ചിത്രമാണിതെന്നും വസ്തുതകള്‍ അറിയാതെയാണ് ആദിത്യനാഥ് ഇത് പോസ്റ്റ് ചെയ്തതെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. ബിജെപി പ്രവര്‍ത്തകയായാണ് ആദിത്യനാഥ് ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ തന്നെ ചിത്രീകരിച്ചത്. എന്നാല്‍ ഇത് തെറ്റാണ്. താന്‍ ബി.ജെ.പി പ്രവര്‍ത്തകയല്ലെന്നും ലക്ഷ്മി പറഞ്ഞു. അതേസമയം, ആദിത്യനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് താന്‍ ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്ന് രാം പ്രസാദ് ശര്‍മ പ്രതികരിച്ചു. എന്നാല്‍ യുവതിയുടെ ചിത്രം പോസ്റ്റു ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് മുഖ്യമന്ത്രിയുടെ പേരില്‍ ഉണ്ടാക്കിയ വ്യാജ പേജാണെന്ന ന്യായീകരണവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

chandrika: