ഗുജറാത്തിലെ ഖഡ്കി ഗ്രാമത്തില്‍ ക്ലാസിലെത്താന്‍ വൈകിയെന്ന് ആരോപിച്ച് 10 ആദിവാസി വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. ഖഡ്കി ഗ്രാമത്തിലെ പ്രൈമറി സ്‌കൂള്‍ ചീഫ് ടീച്ചര്‍ സോമ്രാഗിനിബെന്‍ മനാത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. മര്‍ദമേറ്റ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ ധരംപൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധ്യാപികക്കെതിരെ കേസെടുത്തത്.
കുട്ടികളുടെ പരാതി ലഭിച്ചതുകാരണം വല്‍സാദ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ ബി.ഡി ബദറിയ്യ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാനും ഉത്തരവിട്ടു. ആദിവാസി വിദ്യാര്‍ഥികളെ അധ്യാപിക മര്‍ധിച്ചതായി പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സനല്‍കി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇവര്‍ക്കെതിരെ വകുപ്പുതലത്തില്‍ അന്വേഷണമുണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഖഡ്കി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന സര്‍വോദയ ആശ്രമശാലയില്‍ താമസിക്കുന്ന 10 കുട്ടികള്‍ക്കാണ് രാവിലെ പ്രാര്‍ഥനയ്ക്ക് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അധ്യാപിക ദേഷ്യപ്പെടുകയും മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. വടി ഒടിയുന്നതുവരെ ഇവര്‍ കുട്ടികളെ മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.