X

മധുവിന്റെ കൊലപാതകം: മുസ്‌ലിം വിദ്വേഷ ട്വീറ്റുമായി സെവാഗ്

കേരള ജനതയുടെ മനഃസാക്ഷിയെ നടുക്കിയ അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ജാതി-മത-രാഷ്ട്രീയം മാറ്റിനിര്‍ത്തി സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുമ്പോള്‍ കൊലപാതകത്തിന് പിന്നില്‍ മുസ്‌ലിംകളെന്ന ട്വീറ്റുവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് രംഗത്ത്.

പാവപ്പെട്ട ആദിവാസി യുവാവ് മധു ഒരു കിലോ അരികിലോ മോഷ്ടിച്ചതിന് ഉബൈദ് , ഹുസൈന്‍ , അബ്ദുല്‍കരീം എന്നിവരുടെ മര്‍ദ്ദനത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. പ്രബുദ്ധ സമൂഹത്തിന് ഇത് അപമാനമാണ്, എനിക്ക് ലജ്ജ തോന്നുന്നു. ഒരു വ്യത്യാസവുമില്ല. സെവാഗ് ട്വീറ്റ് ചെയ്തു.

 

മധുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല്‍പതോളം പേര്‍ പങ്കെടുത്തെന്നും അതില്‍ പന്ത്രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കെയാണ് ആക്രമണ സംഘത്തിലെ മൂന്നു മുസലിം പേരുകള്‍ മാത്രം പരാമര്‍ശിച്ചിട്ടുള്ള സെവാഗിന്റെ മുസ്‌ലിം വിരുദ്ധത തുറന്നു കാട്ടുന്ന ട്വീറ്റ്. നേരത്തെ കാശ്മീര്‍ വിഷയങ്ങളിലടക്കം സംഘ് പരിവാര്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചു വരുന്ന താരത്തിന്റെ മുസ്‌ലിം വിരുദ്ധത ഒരിക്കല്‍ കൂടി മറനീങ്ങി പുറത്തുവന്നിരിക്കുകയാണ്.

സെവാഗിന്റെ ട്വീറ്റ് ഏറ്റുപിടിച്ച ചിലര്‍ മുസ്‌ലികള്‍ മധുവിനെ കൊന്നു എന്ന ഹാഷ് ടാഗുകളുമായി ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ക്രൂരതയിലും വര്‍ഗീയത പ്രചരിപ്പിക്കുന്ന താരത്തിനോട് കള്ളം പറയുന്നത് നിര്‍ത്തൂ എന്നുള്ള മറുപടികളും ചിലര്‍ കുറിച്ചു. ആരെ തൃപ്തിപ്പെടുത്താനാണ് ഈ വര്‍ഗീയ വിദ്വേഷ ശ്രമമെന്നാണ് ചിലരുടെ ചോദ്യം.

മധു കൊലപ്പെട്ട സംഭവത്തില്‍ കഷി-മത-രാഷ്ട്രീയ ഭേദമന്യ കേരള ജനത ഒരേ സ്വരത്തില്‍ കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ കൊടുക്കണമെന്നും മധുവിന് നീതി ഉറപ്പാക്കണമെന്നാവിശ്യവുമായി രംഗത്തെത്തുമ്പോള്‍ സംഘ് പരിവാര്‍ പേജുകളും ഗ്രൂപ്പുകളും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് തുടരുകയാണ്.

chandrika: