ആദിവാസി കുടിലുകള്‍ പൊളിച്ചു നീക്കിയ സംഭവത്തില്‍ വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ച് ഓഫിസിന് മുന്നില്‍ ഗോത്രവിഭാഗത്തിന്റെ കുത്തിയിരിപ്പ് സമരം. വേണ്ടത്ര ക്രമീകരണങ്ങള്‍ ഇല്ലാതെ വനംവകുപ്പ് കുടിലുകള്‍ പൊളിച്ചു മാറ്റിയതിലാണ് പ്രതിഷേധം. മൂന്ന് കുടുംബങ്ങളുടെ കുടിലുകളാണ് വനംവകുപ്പ് പൊളിച്ചത്. കുടില്‍ പൊളിച്ച സ്ഥലത്താണ് കുടുംബം ഇന്നലെ ഉറങ്ങിയത്. സമരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കുചേര്‍ന്നിട്ടുണ്ട്.
സംഭവത്തില്‍ ടി സിദ്ദിഖ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. സ്ഥിതി അതീവ ഗുരുതരമെന്നും ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതെന്നും ടി സിദ്ദിഖ് പറഞ്ഞു. താമസിക്കാന്‍ മറ്റൊരു സൗകര്യം അനുവദിക്കാതെ ഗര്‍ഭിണിയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ തെരുവിലിറക്കിയത് ക്രൂരമായ നടപടിയാണെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാടിന്റെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ ഉദ്യോഗസ്ഥരാണ് ഈ പ്രവര്‍ത്തി ചെയ്‌തെന്നും ഇതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.