തൊടുപുഴയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. ഉപ്പുകുന്ന് മുറംകെട്ടിപാറക്ക് അടുത്ത് താമസക്കാരനായ പൊന്തന്‍പ്ലായ്ക്കല്‍ പി.ആര്‍. രാജനാണ് പരിക്കേറ്റത്. ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.
ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ വളര്‍ത്തുനായുടെ നിര്‍ത്താതെയുള്ള കുരകേട്ട് വീടിന്റെ മുറ്റത്തിറങ്ങിയപ്പോഴാണ് രാജനെ കാട്ടുപന്നി ആക്രമിച്ചത്. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
പ്രദേശത്ത് ഏറെനാളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് വെടിവെച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.