X

പട്ടേല്‍ പ്രതിമ അനാച്ഛാദനം: മോദിക്കെതിരെ പ്രതിഷേധം ഭയന്ന് ട്രൈബല്‍ ആക്ടീവിസ്റ്റുകളെ അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്: നര്‍മദാതീരത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യാനിരിക്കെ ഗുജറാത്തില്‍ ട്രൈബല്‍ ആക്ടീവിസ്റ്റുകളെ പൊലീസ് അറസ്റ്റു ചെയ്തു. മോദിക്കെതിരെ പ്രതിഷേധം ഉയര്‍ത്താനുള്ള സാധ്യത ഭയന്നാണ് ആക്ടീവിസ്റ്റുകളെ അറസ്റ്റു ചെയ്തത്. പ്രതിമാ നിര്‍മാണത്തില്‍ പ്രതിഷേധിച്ച് ആദിവാസികളും കര്‍ഷകരും രംഗത്തെത്തിയത് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരുന്നു.

പ്രതിമ അനാച്ഛാദനം ചെയ്യുന്ന ദിവസം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇതാണ് ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ കലാശിച്ചതെന്നാണ് വിവരം. ആയിരക്കണക്കിന് പൊലീസുകാരെയാണ് പ്രതിമ സംരക്ഷിക്കാനായി വിന്യസിച്ചിരിക്കുന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ടു ചെയ്തു.

നിരാഹാരസമരത്തിലൂടെയും ബഹിഷ്‌കരണത്തിലൂടെയും ഗോത്ര വിഭാഗക്കാര്‍ സമാധാനപരമായി പ്രതിഷേധിക്കുന്നുണ്ട്. 75000ത്തോളം ഗോത്ര വര്‍ഗക്കാരെയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിര്‍മാണത്തിലൂടെ പ്രതികൂലമായി ബാധിച്ചത്. പ്രതിമാ നിര്‍മ്മാണത്തിനും സമീപപ്രദേശത്തെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ കൈയ്യേറിയ തങ്ങളുടെ ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരമോ പുനരധിവാസ പദ്ധതി പ്രകാരം തങ്ങള്‍ക്ക് ലഭിക്കേണ്ട പകരം സ്ഥലവും ജോലിയും ലഭിച്ചില്ല എന്നാണ് പ്രദേശവാസികളുടെ പരാതി.

chandrika: