X
    Categories: keralaNews

പൊലീസ് കുറ്റപത്രം വൈകിപ്പിച്ചു; ട്രഷറിയില്‍ നിന്ന് കോടികള്‍ തട്ടിയ പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസില്‍ പൊലീസ് കുറ്റപത്രം വൈകിപ്പിച്ചതിനാല്‍ പ്രതി ബിജുരാജിന് ജാമ്യം ലഭിച്ചത് വിവാദമാകുന്നു. സോഫ്റ്റ് വെയറിലെ പിഴവുള്‍പ്പെടെ അന്വേഷണം ധനകാര്യവകുപ്പിലെ ഉന്നതരിലേക്ക് നീങ്ങുമെന്നായപ്പോഴാണ് അന്വേഷണം വഴിമുട്ടിയത്. ട്രഷറിയില്‍ നിന്ന് 2.73 കോടി രൂപയാണ് ബിജു രാജ് തട്ടിപ്പിലൂടെ സ്വന്തമാക്കിയത്. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ ജോലി ചെയ്യുമ്പോഴാണ് സോഫ്റ്റ് വെയറിലെ പിഴവുകള്‍ മുതലാക്കി ബിജുലാല്‍ കോടികള്‍ തട്ടിയത്. കേസ് അന്വേഷണം ആരംഭിച്ച പൊലീസിന് പക്ഷേ തുടക്കം മുതല്‍ പിഴച്ചു.

ഒളിവില്‍ പോയ ബിജുലാലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വിമുഖത കാണിച്ചു. കീഴടങ്ങാനായി അഭിഭാഷകന്റെ ഓഫീസിലെത്തി മാധ്യമങ്ങളെ കാണുമ്പോഴാണ് ബിജുലാലിനെ പൊലീസിന് പിടികൂടാനായത്. ആഗസ്റ്റ് മൂന്നിനായിരുന്നു
ബിജു ലാലിന്റെ അറസ്റ്റ്. വഞ്ചിയൂര്‍ ട്രഷറിയില്‍ കൂടാതെ ബിജുലാല്‍ ജോലി ചെയ്ത മറ്റ് ട്രഷറികളിലും തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് പറഞ്ഞത്.

ഇതുകൂടാതെ ക്യാഷ് കൗണ്ടറില്‍ നിന്നും ബിജുലാല്‍ പണം മോഷ്ടിച്ചുവെന്നും കണ്ടെത്തി. പിടിക്കപ്പെടുമെന്നായപ്പോള്‍ ബിജുലാല്‍ ഈ പണം ക്യാഷറുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. പക്ഷെ ഈ തട്ടിപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടും മറച്ചുവച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ അന്നേ ബിജുലാലിനെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ട്രഷറിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന തട്ടിപ്പ് നടക്കുമായിരുന്നില്ല.

മാത്രമല്ല ട്രഷറിക്കായി തയ്യാറാക്കിയ സോഫ്റ്റ്‌വെയറിലും പിഴവും അന്വേഷണത്തിനിടെ പുറത്തുവന്നു. ഇതോടെയാണ് അന്വേഷണത്തിന്റെ വേഗം കുറഞ്ഞത്. സോഫ്റ്റ്‌വെയറിലെ പിഴവുള്‍പ്പെടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീങ്ങുമെന്നതിനാല്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഇതേവരെ അനുമതി നല്‍കിയിട്ടില്ല. ഇതിനിടെ മജിസ്‌ട്രേറ്റ് കോടതി ഒരു പ്രാവശ്യവും സെഷന്‍സ് കോടതി രണ്ടുപ്രാവശ്യവും ബിജുലാലിന്റെ ജാമ്യം നിഷേധിച്ചു. എന്നാല്‍ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തിനാല്‍ ബിജുലാലിന് സ്വാഭാവിക ജാമ്യവും ലഭിക്കുകയായിരുന്നു.

തട്ടിപ്പ് കേസില്‍ പിടികൂടിയപ്പോള്‍ ബിജുലാലിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതല്ലാതെ മറ്റ് നടപടികളൊന്നും ഇതേ വരെയുണ്ടായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ശാസ്ത്രീയ തെളുകള്‍ ലഭിക്കേണ്ടതുള്ളതുകൊണ്ടാണ് കുറ്റപത്രം വൈകുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ സാധാരണ ഒരു ജീവനക്കാരനായ ബിജുലാലിന് ഇത്രവലിയ തട്ടിപ്പ് നടത്താന്‍ കഴിയിലെന്നും പിന്നില്‍ ഉന്നതരുണ്ടെന്നും ആരോപണമുണ്ട്. അതുകൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്നും സംശയമുണ്ട്. സര്‍ക്കാറിന്റെ പൊതുഖജനാവിലെ പണം കൊള്ളയടിച്ച കേസായിരുന്നിട്ടും ഇതുവരെ ശക്തമായ ഇടപെടല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്നതും സംശയം ജനിപ്പിക്കുന്നതാണ്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: