X

ചികിത്സിക്കേണ്ടത് ഭ്രാന്തു പിടിച്ച ചങ്ങലകളെ-എഡിറ്റോറിയല്‍

മൂടില്ലാത്ത ഇരുമ്പു തൊട്ടിയില്‍ മനോരോഗികളെക്കൊണ്ട് വെള്ളം കോരിക്കുന്ന ഒരു ചികിത്സാരീതി പണ്ടുള്ളതായി കേട്ടിട്ടുണ്ട്. കിണറില്‍നിന്ന് തൊട്ടി മുകളില്‍ എത്തുമ്പോള്‍ വെള്ളം എവിടെയെന്ന് ചോദിച്ച് പ്രഹരിക്കുമായിരുന്നു. കഠിനമായ മര്‍ദ്ദനത്തിനൊടുവില്‍ വെള്ളം നില്‍ക്കാത്തത് മൂടില്ലാത്തതുകൊണ്ടാണെന്ന തിരിച്ചറിവുണ്ടാകുന്നതോടെ ഭ്രാന്ത് ഭേദമാകുമെന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. ഒരുകാലത്ത് മനോരോഗ ചികിത്സ ഏറെ കിരാതമായിരുന്നു. പട്ടിണിക്കിട്ടും ചങ്ങലയില്‍ പൂട്ടിയിട്ടുമാണ് മനോരോഗികളെ നേരിട്ടിരുന്നത്. അത്തരം മര്‍ദ്ദനമുറകളിലൂടെ ഭ്രാന്ത് മാറ്റിയെടുക്കാമെന്ന പഴയ സങ്കല്‍പ്പത്തിന് മാറ്റം വന്നെങ്കിലും ആധൂനിക വൈദ്യശാസ്ത്രം ഏറെ പുരോഗതി പ്രാപിച്ച ഇക്കാലത്തും അവരോടുള്ള സമീപനം ഏറെ പ്രാകൃതമാണെന്നാണ് കോഴിക്കോട് കുതിരവട്ടം ഗവണ്‍മെന്റ് മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവം തെളിയിക്കുന്നത്. മഹാരാഷ്ട്ര സ്വദേശി ജിയറാം ഗിലോട്ട് എന്ന 32കാരി സെല്ലില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ പല വിവരങ്ങളും സമൂഹമനസാക്ഷിയുടെ ഉള്ളുലക്കുന്നവയാണ്.

ബുധനാഴ്ച വൈകീട്ട് വനിതകളുടെ സെല്ലില്‍ നടന്ന തര്‍ക്കത്തിനിടെയാണ് യുവതി മര്‍ദ്ദനമേറ്റ് മരിച്ചതെങ്കിലും മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ വിവരമറിയുന്നത് വ്യാഴാഴ്ച രാവിലെയാണ്. അത്രയും സമയം അവിടേക്ക് തിരിഞ്ഞുനോക്കിയതുമില്ലെന്ന് അര്‍ത്ഥം! മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതോ കഴുത്തു ഞെരിച്ചതോ ആകാം മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതി കൊല്ലപ്പെട്ടത് നേരത്തെ കണ്ടെത്താനും വനിതകളുടെ സെല്ലിലുണ്ടായ അടിപിടികള്‍ തടയാനും അധികൃതര്‍ക്ക് സാധിച്ചില്ലെന്നത് പൊറുക്കാനാവാത്ത അപരാധങ്ങളാണ്. മനോരോഗികള്‍ക്ക് മാനുഷിക പരിഗണന ഒട്ടും നല്‍കാതെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപത്തിന് കാലപ്പഴക്കമുണ്ട്. കാടുമൂടി ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തില്‍ മനോരോഗികളെ കൂടുതല്‍ ഭ്രാന്ത് പിടിപ്പിക്കുന്ന സമീപനമാണ് അധികൃതരുടേതെന്ന് മനുഷ്യാവകാശ കമ്മീഷനുമുന്നില്‍ അന്തേവാസികള്‍ നിരത്തിയ പരാതികള്‍ വ്യക്തമാക്കുന്നു. മനോനില തെറ്റിയവര്‍ക്ക് പറ്റിയ അന്തരീക്ഷമല്ല അവിടെയുള്ളതെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാകും. വൃത്തിഹീനമായ പരിസരം. രോഗികളെ താമസിപ്പിക്കാന്‍ ഓടിട്ട ജീര്‍ണിച്ച ഷെഡുകള്‍. ഒരു സെല്ലില്‍ തന്നെ രണ്ടും മൂന്നും അന്തേവാസികള്‍. മനോനില തെറ്റിയ അവര്‍ക്കിടയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തിരിച്ചറിയാനുള്ള സമാന്യബോധം പോലും നഷ്ടപ്പെട്ട നമ്മുടെ അധികാരികളെ ഓര്‍ത്ത് ലജ്ജിച്ച് തല താഴ്ത്താം. ഭക്ഷണമാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കാന്‍ സംവിധാനമില്ലാതെ ദുര്‍ഗന്ധം വമിക്കുന്ന അന്തരീക്ഷത്തില്‍ മനോരോഗികളെ തള്ളി പുതിയ ചികിത്സകള്‍ പരീക്ഷിക്കുകയാണ് അധികൃതരെന്ന് തോന്നുന്നു. അസൗകര്യങ്ങള്‍ക്കു നടുവില്‍ കൊതുകുകളുടെ കിടയേറ്റ് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന നവീകരണ പ്രവൃത്തികള്‍ മാത്രമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് ആകെയുള്ള ആശ്വാസം. സംസ്ഥാന സര്‍ക്കാറും കോഴിക്കോട് കോര്‍പറേഷനും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല.

ഏറ്റവും കൂടുതല്‍ പരിഗണനയും കരുതലും ലഭിക്കേണ്ട ഒരു വിഭാഗമാണ് ഇത്രയും ദുസ്സഹമായ സാഹചര്യത്തില്‍ വീര്‍പ്പുമുട്ടി കഴിയുന്നതെന്ന് ഓര്‍ക്കണം. 301 പുരുഷന്മാരും 168 വനിതകളുമടക്കം 469 അന്തേവാസികളുള്ള ഈ മാനസികാരോഗ്യ കേന്ദ്രത്തില്‍ ആകെ നാല് സുരക്ഷാ ജീവനക്കാരാണുള്ളത്. അവരില്‍ തന്നെ വനിതകളായി ഒരാള്‍ പോലുമില്ല. സുരക്ഷ ഉറപ്പാക്കാന്‍ ചുരുങ്ങിയത് 20 പേരെങ്കിലും വേണമെന്നിരിക്കെയാണ് ഇത്രയും ശുഷ്‌കമായ ജീവനക്കാരെ വെച്ച് കേന്ദ്രം മുന്നോട്ടുപോകുന്നത്. മനോരോഗികളില്‍ പലരും അക്രമാസക്തരാകുന്നവരാണ്. അവരെ നിയന്ത്രിക്കാനും മറ്റും ആവശ്യത്തിന് ആളില്ലാത്തതുകൊണ്ടാണ് കൊലപാതകങ്ങള്‍ പോലും അറിയാന്‍ വൈകുന്നത്.

ആരോഗ്യമേഖലയില്‍ ശാസ്ത്രീയമായ വലിയ കുതിച്ചു ചാട്ടങ്ങള്‍ നടത്തിയെങ്കിലും മാനസികാരോഗ്യം ഇപ്പോഴും വിഷാദത്തിന്റെ പിടിയിലാണ്. പുരോഗമനപരമായ വലിയ മാറ്റങ്ങളൊന്നും അവിടേക്ക് എത്തിനോക്കിയിട്ടില്ല. സമനില തെറ്റിയവരോട് സമൂഹത്തിന്റെ കാഴ്ചപ്പാടും ഇനിയും മലിനമുക്തമായിട്ടില്ലെന്നത് ദു:ഖകരമാണ്. അവഗണനയുടെയും അശാസ്ത്രീയ സമീപനങ്ങളുടെയും ചങ്ങലയില്‍ തന്നെയാണ് മാനസികാരോഗ്യ മേഖല ഇപ്പോഴുള്ളത്. ശാരീരിക രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യമെന്ന തെറ്റിദ്ധാരണയില്‍നിന്ന് നാം മുക്തരായിട്ടില്ല.

Test User: