ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി തമിഴ്നാട് വനംവകുപ്പ് അധികൃതർ അടച്ചു. ജില്ലയിലെതന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കൽമേട്. ഇവിടേക്കുള്ള നടപ്പുവഴിയാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ 11-ന് അടച്ച് ബോർഡ് സ്ഥാപിച്ചത്. രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികൾ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് തമിഴ്നാടിന്റെ സ്ഥലം മലിനപ്പെടുത്തുന്നതാണ് നടപടിക്ക് പിന്നിലെ കാരണമെന്നാണ് വാദം.
അതിക്രമിച്ചുകടന്നാൽ 500 രൂപ പിഴയും ആറുമാസംവരെ തടവും ലഭിക്കാമെന്ന മുന്നറിയിപ്പ് ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, മറ്റൊരു ബോർഡുകൂടി സ്ഥാപിക്കാൻ ശ്രമിച്ച സംഘത്തെ പ്രദേശവാസികൾ തടഞ്ഞതിനെത്തുടർന്ന് നേരിയതോതിൽ വാക്കുതർക്കം ഉണ്ടായി. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ എത്തി തേനി ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർന്ന് ബോർഡ് സ്ഥാപിക്കാതെ തമിഴ്നാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിരിഞ്ഞുപോയി.
തമിഴ്നാടിന്റെ വിദൂര കാഴ്ചകളാൽ പ്രസിദ്ധമായ രാമക്കല്ലാണ് രാമക്കൽമേട്ടിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇവിടെക്കുള്ള ഏക പ്രവേശന കവാടം തമിഴ്നാട് അധികൃതർ അടച്ചതോടെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിടും. മുൻപും അധികൃതർ വഴി അടച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ച് കോൺക്രീറ്റിൽ ഉറപ്പിച്ചാണ് അധികൃതർ മടങ്ങിയത്.