ഇരിട്ടി: മാക്കൂട്ടം ചുരം വഴി കുടകിലേക്ക് പ്രവേശിക്കുന്നതിന് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും കുടക് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഈ മാസം 30 വരെ നീട്ടി. ഇതോടെ നിയന്ത്രണ കാലാവധി മൂന്ന് മാസം പിന്നിട്ടു. ഇന്ത്യ മുഴുവന്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലാതെ സഞ്ചരിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിലനില്‍ക്കെയാണ് കേളത്തില്‍ നിന്നും കുടക് ജില്ലയില്‍ എത്തുന്നവര്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവുനല്‍കാതെ തുടരാനുള്ള തീരുമാനം ഒരുമാസം കൂടി നീട്ടിയത്.
സെപ്തംബര്‍ 30വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിക്കുമ്പോഴാണ് കുടക് അസിസ്റ്റന്റ് കമ്മീഷണര്‍ ചാരുലതാ സോമല്‍ നിയന്ത്രണങ്ങള്‍ ഒരു മാസം കൂടി നീട്ടിക്കൊണ്ട് കഴിഞ്ഞ ദിവസം പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെ ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിരുന്നു. ഒക്ടോബര്‍ 21 വരെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ണ്ണാടക പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും കേരളത്തില്‍ നിന്നും വ്യാപാര, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കര്‍ണ്ണാടകത്തിലേക്ക് അത്യാവശ്യക്കാര്‍ മാത്രമെ പ്രവേശിക്കാവുവെന്നും നിര്‍ദ്ദേശിച്ചിരുന്നു.
കേരളത്തില്‍ ടി പി ആര്‍ നിരക്ക് കുറഞ്ഞു വരികയും സ്‌കൂളുകള്‍ അടുത്ത മാസം തുറക്കാനും മറ്റ് നിയന്ത്രണങ്ങള്‍ ഭൂരിഭാഗവും പിന്‍വലിക്കുകയും ചെയ്തിരിക്കെ കുടക് ഭരണ കൂടത്തിന്റെ നടപടി വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കയാണ് . ഇപ്പോഴും മാക്കൂട്ടം ചുരം പാത വഴി കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ റിസള്‍ട്ട് നിര്‍ബന്ധമാണ്. ചരക്ക് വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ എടുത്ത ആര്‍ ടി പി സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
പൊതു ഗതാഗതത്തിനും അനുമതിയില്ല. മാക്കൂട്ടം അതിര്‍ത്തിയില്‍ പുതിയ ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കേരളത്തില്‍ ടി പി ആര്‍ നിരക്ക് 15 ശതമാനത്തിന് മുകളില്‍ തന്നെയാണ് ഇപ്പോഴും. കുടകില്‍ ഒരു ശതമാനത്തിന് താഴെയാണ് ടി പി ആര്‍ നിരക്ക് . കഴിഞ്ഞദിവസം വരെ 0.92 ശതമാനമാണ് മേഖലയിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് .