X

ഭക്ഷണം വിമാനത്തിലും വിമാനത്താവളത്തിലും; നിരാഹാരം പ്രഖ്യാപിച്ച മോദിയുടെ ഭക്ഷണമെനു പുറത്ത്

ചെന്നൈ: പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് നിരാഹാരം പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ ഭക്ഷണ മെനു പുറത്ത്.

പ്രധാനമന്ത്രിയുടെ ചെന്നൈയിലേക്കുള്ള യാത്രയുടെ പൂര്‍ണവിവരങ്ങള്‍ അടങ്ങിയ കുറിപ്പിലാണ് മോദയുടെ ഇന്നത്തെ ഭക്ഷണക്രമത്തെക്കുറിച്ച് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം ചെന്നൈയിലേക്കുള്ള യാത്രമദ്ധ്യേ രാവിലെ 6.40നാണ് മോദിയുടെ പ്രഭാതഭക്ഷണം, ഉച്ചക്ക് 2.25ന് ചെന്നൈയില്‍ വിമാനത്താവളത്തില്‍ വെച്ച് ഉച്ചഭക്ഷണം എന്നിങ്ങനെയാണ് മോദിയുടെ മെനു.

മോദിയുടെ നിശ്ചയിച്ച പരിപാടികളില്‍ മാറ്റമുണ്ടാകില്ലെന്നും പ്രതിരോധരംഗവുമായി ബന്ധപ്പെട്ട പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ചെന്നൈയിലെത്തുന്ന മോദി നിരാഹാരത്തിലായിരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ യാത്ര ഷെഡ്യൂളില്‍ കൃത്യമായി ഭക്ഷണക്രമം രേഖപ്പെടുത്തിയത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കി.

നിരാഹാരസമരം നടത്തുന്ന ദിവസം ക്യാമറക്കു മുന്നില്‍ ഭക്ഷണം കഴിച്ച് അനാവശ്യ വിവാദങ്ങള്‍ക്ക് നിന്നുകൊടുക്കരുതെന്ന് ബി.ജെ.പി നേതൃത്വം പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ ഭക്ഷണമെനു പുറത്തുവന്നത്.

സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബി.ജെ.പിയെയും മോദിയെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നു.

‘പ്രിയ പ്രധാനമന്ത്രി, താങ്കളുടെ ഉപവാസത്തിന് എല്ലാ ആശംസകളും. ഇനി ഇതും ഒരു നുണയായിരുന്നു എന്ന് ഞങ്ങളോട് പറഞ്ഞേക്കൂ’ എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ പരിഹാസം.

അതേസമയം, ചെന്നെയിലെത്തിയ മോദിയെ കരിങ്കൊടികളുമായും ഗോബാക്ക് മുദ്രാവാക്യങ്ങളുമായാണ് തമിഴ് ജനത വരവേറ്റത്. സമൂഹമാധ്യമങ്ങളിലും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാണ്.

ഗോബാക്ക് മോദിയെന്ന ഹാഷ്ടാഗ് #GoBackModi ട്വിറ്ററില്‍ ട്രന്റായിരിക്കുകയാണ്. 130000ത്തിലേറെ ട്വീറ്റുകളാണ് ഉച്ചയാകുമ്പോഴേക്കും ഈ ഹാഷ്ടാഗില്‍ വന്നിരിക്കുന്നത്.

chandrika: