X

യാത്രക്ക് ദിവസങ്ങള്‍ മാത്രം; നിരക്ക് പ്രഖ്യാപിക്കാതെ ഹജ്ജ് കമ്മിറ്റി

മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് വിമാന സര്‍വീസ് ജൂണ്‍ നാലിന് ആരംഭിക്കാനിരിക്കെ യാത്രാനിരക്ക് ഇനിയും പ്രഖ്യാപിക്കാതെ ഹജ്ജ് കമ്മിറ്റികള്‍. യാത്രക്കാര്‍ മൊത്തം അടക്കേണ്ട തുകയെക്കുറിച്ച് ഒരു അറിയിപ്പും ഇതുവരെ നല്‍കിയില്ലെന്നാണ് ആക്ഷേപം. രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ചയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന മൗനം ദുരൂഹത പരത്തുന്നതാണ്.

യാത്രക്ക് അവസരം ലഭിച്ചവരുടെ ഓരോ കവറിനും അടക്കേണ്ട സംഖ്യ നറുക്കെടുപ്പിനു ശേഷം ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. അവസരം ലഭിച്ചവര്‍ ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശമനുസരിച്ച് ആദ്യഗഡു 81,000 രൂപ അടച്ചു. അതുകഴിഞ്ഞ് രണ്ടാം ഗഡുവായി 1,20,000 അടച്ചിട്ടുണ്ട്. ഇനി എത്ര അടക്കണം എന്നതിനെക്കുറിച്ചു ഒരു സൂചനയും നല്‍കയിട്ടില്ല. അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ബാക്കിവരുന്ന സംഖ്യ യാത്രക്കാര്‍ക്ക് ഒരുക്കിവെക്കാനാവൂ. അവസാന നിമിഷം വലിയ തുക അടക്കാന്‍ നിര്‍ദേശം നല്കിയാല്‍ തീര്‍ത്ഥാടകര്‍ പ്രതിസന്ധിയിലാകുമെന്നാണ് പ്രധാന പരാതി. കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 5747 പേര്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവു വരുന്ന സീറ്റുകളും കൂടി ലഭിച്ചാല്‍ കേരളത്തില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. കോവിഡ് നി യന്ത്രണങ്ങളില്‍ ഇളവ് വന്ന ശേഷമുള്ള ഇത്തവണ അരലക്ഷത്തിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്.

Test User: