ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; കാര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞു, മരത്തില്‍ പിടിച്ച് രക്ഷപ്പെട്ട് യാത്രക്കാര്‍

കാസർകോട്: കുറ്റിക്കോലിൽ ഗൂഗിൾ മാപ്പിൽ നിന്ന് വഴി മനസ്സിലാക്കി കാറോടിച്ചവർ കൈവരിയില്ലാത്ത പാലത്തിൽകയറി അപകടത്തിൽപെട്ടു. പുഴയിൽ വീണ കാർ ഒഴുകിപ്പോയി. യാത്രികരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പള്ളഞ്ചി-പാണ്ടി റോഡിൽ പള്ളഞ്ചിപ്പുഴയുടെ പാലത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

കാഞ്ഞങ്ങാട് നിന്ന് പുത്തൂരിലേക്ക് പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്ന റാഷിദ്, തസ്രീഫ് എന്നിവരെ കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പാലത്തിന്റെ നിരപ്പില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ പാലമേതെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പുഴയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കില്‍പ്പെട്ടിരുന്നു. ഒരു മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്‌സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു.

പുഴയിലേക്ക് വീണ കാർ അൽപദൂരം ഒഴുകി ആറ്റുവഞ്ചിയിൽ തട്ടിനിന്നു. ഗ്ലാസ് താഴ്ത്തി പുറത്തുകടന്ന യാത്രക്കാർ ഇരുവരും പുഴയുടെ മധ്യത്തായുള്ള കുറ്റിച്ചെടികളിൽ പിടിച്ചുനിൽക്കുകയായിരുന്നു. കൈയിൽ ഫോണുണ്ടായിരുന്നതിനാൽ ഇവർക്ക് ബന്ധുക്കളെ വിവരമറിയിക്കാനായി. തുടർന്നാണ് ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തിയത്. പുഴയിൽ ഒഴുകിപ്പോയ കാർ അരക്കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്.

webdesk14:
whatsapp
line