ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലും വിമാനത്തിലും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് യാത്രവിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി. എ) ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങളിലും വിമാനത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സംഗി അധ്യക്ഷനായ ബെഞ്ച് നടപടി സ്വീകരിക്കാന്‍ ഡി.ജി.സി.എക്ക് നിര്‍ദേശം നല്‍കിയത്.
ജസ്റ്റിസ് ഹരിശങ്കറാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കേസ് സ്വമേധയ രജിസ്റ്റര്‍ ചെയ്തത്. കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ മാസ്‌ക് ധരിക്കാന്‍ യാത്രികര്‍ വിസമ്മതിക്കുന്നതും മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതും നേരില്‍ കണ്ട പശ്ചാത്തലത്തിലാണ് അദ്ദേഹം കേസ് രജിസ്റ്റര്‍ ചെയ്തത്.