X

വിലങ്ങുവെക്കപ്പെടുന്ന പോരാട്ടങ്ങള്‍-എഡിറ്റോറിയല്‍

സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെയും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാറിന്റെയും അറസ്റ്റ് ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം ആപല്‍ സൂചനകള്‍ നിറഞ്ഞതാണ്. നീതിയുടെ അവസാന ശബ്ദത്തേയും കഴുത്തു ഞെരിച്ച് നിശ്ചലമാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റുകളെന്ന് വ്യക്തം. സാഹചര്യങ്ങളും അനുബന്ധങ്ങളും ഘടകങ്ങളും പരിശോധിക്കുമ്പോള്‍ ഭരണകൂടത്തിന്റെ പ്രതികാര ദാഹമാണ് അതിന് പിന്നിലെന്ന് കാണാം. 2002ലെ ഗുജറാത്ത് വംശഹത്യയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം 63 ഉന്നതര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിനെ ശരിവെച്ച സുപ്രീംകോടതി വിധിക്ക് തൊട്ടടുത്ത ദിവസമാണ് അറസ്റ്റ് നടന്നത്.

ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ്(എ.ടി.എസ്) ടീസ്റ്റയെ കസ്റ്റഡിയിലെടുത്തത് മുംബൈയിലെ വസതിയില്‍നിന്നാണ്. ശ്രീകുമാറിനെ അഹ്മദാബാദില്‍നിന്നും. മോദിയുടെ പേടി സ്വപ്‌നമായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെതിരെയും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 1992ലെ ഒരു കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന അദ്ദേഹത്തെ പാലന്‍പൂര്‍ ജയിലില്‍നിന്ന് അഹ്മദാബാദിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഗുജറാത്ത് കലാപ വേളയില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ അന്നത്തെ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫരി അടക്കം 69 പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ മോദിയെ കുറ്റമുക്തനാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെയായിരുന്നു അറസ്റ്റുകള്‍. ടീസ്റ്റയും ശ്രീകുമാറും സഞ്ജീവ് ഭട്ടും നിയമപ്രക്രിയയെ ചൂഷണം ചെയ്തുവെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. കൂട്ടക്കൊലയെക്കുറിച്ച് ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും ഉന്നതതല ഗൂഢാലോചന ഉണ്ടായെന്നും ചൂണ്ടിക്കാട്ടി ഇഹ്‌സാന്‍ ജാഫരിയുടെ ഭാര്യ സകിയ ജാഫരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സകിയയോടൊപ്പം ടീസ്റ്റ സഹ ഹര്‍ജിക്കാരിയായിരുന്നു.

അറസ്റ്റിലായ മൂന്നുപേരും ഭരണകൂടത്തിന്റെ പേടി സ്വപ്‌നങ്ങളാണ്. കേന്ദ്ര സര്‍ക്കാറിന്റെയും ബി.ജെ.പിയുടെയും പ്രത്യേക താല്‍പര്യപ്രകാരമാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്ന ആരോപണത്തിന് അടിവരയിടുന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖം. അതില്‍ ടീസ്റ്റക്കെതിരെ അദ്ദേഹം കടുത്ത വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടത്. അഭിമുഖം പുറത്തുവന്നതിന് പിന്നാലെ തന്നെ ടീസ്റ്റയെ തേടി എ.ടി.എസ് വീട്ടിലെത്തിയിരുന്നു. മുന്‍കൂട്ടി വിവരം നല്‍കാതെ അതിക്രമിച്ച് കയറി നടത്തിയ അറസ്റ്റില്‍ പ്രതിഫലിക്കുന്നത് ഭരണകൂടത്തിന്റെ പ്രതികാരമാണ്. ടീസ്റ്റയെ എ.ടി.എസ് മര്‍ദ്ദിച്ചുവെന്നാണ് പുതിയ വാര്‍ത്ത. വിമര്‍ശകര്‍ക്കുള്ള മുന്നറിയിപ്പും ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരെ ഇനിയാരെങ്കിലും നാവുയര്‍ത്തിയാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുമെല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്.

സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍ ഭരണകൂടത്തിന് കൂടുതല്‍ ധൈര്യം പകര്‍ന്നിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നുള്ള നീക്കങ്ങള്‍ ശരിവെക്കുന്നു. പാര്‍ലമെന്റ് അംഗമായിരുന്ന പ്രമുഖനുള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ട കേസില്‍ കുറ്റാരോപിതര്‍ക്ക് അനായാസം തടിയൂരാന്‍ സാധിച്ചുവെന്നത് മാത്രമല്ല, നീതിക്കുവേണ്ടി പോരാടുന്നവരെ ഒറ്റപ്പെടുത്തിയുള്ള പരാമര്‍ശങ്ങള്‍ കേള്‍ക്കാനായതും അറസ്റ്റുകള്‍ക്ക് പ്രേരകമായിട്ടുണ്ട്. വരാനിരിക്കുന്നത് അറസ്റ്റുകളുടെ പരമ്പരയാണ്. ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദിക്കാനും നീതി നിഷേധത്തിനെതിരെ കോടതി കയറാനും ഒരാള്‍ക്ക് സാധിക്കാത്ത സാഹചര്യമാണ് രാജ്യത്ത് വളര്‍ത്തിക്കൊണ്ടിരിക്കുന്നത്.

അധികാരത്തിന്റെ കയ്യൂക്കില്‍ എന്തും ആവാമെന്ന തോന്നല്‍ ബി.ജെ.പിയുടെയും അവര്‍ നിയന്ത്രിക്കുന്ന ഭരണകൂടത്തിന്റെയും ചിന്തയില്‍ വേരു പിടിച്ചിട്ടുണ്ട്. അതിന് വളം നല്‍കുന്ന വാക്കുകള്‍ ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാവുക കൂടി ചെയ്യുമ്പോള്‍ സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും അനായാസം വിലങ്ങുവെച്ച് കൂട്ടിലടക്കാന്‍ ഭരണകൂടം ഒട്ടും മടിയുണ്ടാകില്ല.മാധ്യമങ്ങളെ വിലക്കെടുത്തും ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്തും മോദി സര്‍ക്കാര്‍ രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ഇതിനെതിരെ മതേതര സമൂഹം ഇനിയും ഉറക്കം വിട്ട് ഉണര്‍ന്നില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം വെളിച്ചം കാണാതെ തുറുങ്കിലടക്കപ്പെടുന്ന കാലം വിദൂരമല്ല.

Chandrika Web: