X
    Categories: indiaNews

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ഒറ്റ ചരക്ക് വാഹനങ്ങളും ഓടില്ല; കേന്ദ്രത്തിന് ചരക്ക് വാഹന സംഘടനകളുടെ മുന്നറിയിപ്പ്

ഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയുമായി ചരക്ക് വാഹന സംഘടന. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എ.ഐ.എം.ടി.സി) അറിയിച്ചു.

ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ എട്ടിന് പണിമുടക്കുമെന്നും അവര്‍ അറിയിച്ചു. ‘ഡിസംബര്‍ എട്ട് മുതല്‍ ഉത്തരേന്ത്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ അവസാനിപ്പിക്കും. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാജ്യവ്യാപകമായി ഞങ്ങളുടെ ചരക്ക് വാഹനങ്ങള്‍ പണിമുടക്കും’, എ.ഐ.എം.ടി.സി പ്രസിഡണ്ട് കുല്‍തരാന്‍ സിംഗ് അത്വാല്‍ പറഞ്ഞു.

കര്‍ഷകര്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ചെയ്യുന്നതെന്നും എ.ഐ.എം.ടി.സി പ്രസ്താവനയില്‍ പറയുന്നു. ചരക്ക് ഗതാഗതം പോലെ ഇന്ത്യയുടെ നട്ടെല്ലാണ് കൃഷിയെന്നും എ.ഐ.എം.ടി.സി പറഞ്ഞു.

കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി വാഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും സമരപ്പന്തലില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയത്.

 

 

Test User: