X

പൊതുഗതാഗതം കൂടുതല്‍ ഫലവത്താക്കുന്നു; ഹാഫിലാത്ത് സേവനം ബസ്സുകളിലും

 

അബുദാബി ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഹാഫിലാത്ത് കാര്‍ഡ് സേവനം ഇനി പൊതുഗതാഗതമായ ബസ്സുകളിലും ലഭ്യമാകുമെന്ന് ഗതാഗത വിഭാഗം വ്യക്തമാക്കി. തലസ്ഥാന നഗരിയില്‍ സര്‍വീസ് നടത്തുന്ന 50 ബസ്സുകളില്‍ ഇതിനാ വശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്.
യാത്രാദൂരം കണക്കാക്കിയ ഹാഫിലാത്ത് കാര്‍ഡുകളില്‍നിന്നും മെഷീനുകള്‍ നിരക്ക് ഈടാക്കും. പുതിയ സംവിധാനം സജ്ജീകരിക്കുക വഴി യാത്രക്കാര്‍ക്ക് സമയ ലാഭം ഉണ്ടാകുകയും പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ കഴിയുകയും ചെയ്യും. ആട്ടോമാറ്റിക് പെയ്‌മെന്റ് സംവിധാനം അല്‍ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളിലെ ബസ്സുകളി ലും ഇതിനകം ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അബുദാബി എമിറേറ്റിലെ മുഴുവന്‍ ബസ്സുകളിലും കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയും.
പൊതുഗതാഗത സംവിധാനം കൂടുതല്‍ ഫലപ്രദമായതോടെ ദിനംപ്രതി ആയിരക്കണക്കിന് പേരാണ് നഗരത്തിലും പുറത്തും ബസ്സ് യാത്ര ഉപയോഗപ്പെടുത്തുന്നത്. പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളിലേക്കും മിനുട്ടുകള്‍ വ്യത്യാസത്തില്‍ സര്‍വ്വീസ് നടത്തുന്നതുകൊണ്ട് യഥാസമയം എവിടെയും എത്തിച്ചേരാനാകുമെന്ന് യാത്രക്കാര്‍ പറയുന്നു.
അതിനിടെ 55വയസ്സ് കഴിഞ്ഞവര്‍ക്കുള്ള സൗജന്യയാത്രാ സൗകര്യം നിരവധി പ്രവാസികളാണ് പ്രയോജനപ്പെടുത്തുന്നത്. അബുദാബി ഗതാഗത വിഭാഗമാണ് 55 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും സൗജന്യ ബസ്സ് യാത്ര സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എമിറേറ്റ്‌സ് തിരിച്ചറിയല്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിച്ചാണ് സൗജന്യയാത്രാ കാര്‍ഡ് കരസ്ഥമാക്കുന്നത്. ആയിരക്കണക്കിന് പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭ്യമാകുന്നത്.
ജോലിസ്ഥലത്തേക്കും തിരിച്ചും പോയിവരുന്നതിനും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുന്നതിനും ലഭിച്ച വലിയ അനുഗ്രഹമായാണ് പുതിയ സൗകര്യം വിലയിരുത്തപ്പെടുന്നത്.
സ്വന്തമായി വാഹനവും ഡ്രൈവിംഗ് ലൈസന്‍സും ഇല്ലാത്തവര്‍ക്കമും ചെറിയ വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്കുമാണ് സൗജന്യയാത്ര കൂടുതല്‍ ഗുണകരമായിട്ടുള്ളത്.
ദിനംപ്രതി ബസ്സ് ടിക്കറ്റ് എടുക്കാനുള്ള സാമ്പത്തിക പ്രയാസവും ബുദ്ധിമുട്ടും നേരിടുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വലിയ അനുഗ്രഹമാണ് ഇതിലൂടെ സമ്മാനിക്കുന്നത്.
നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊതുഗതാഗത സംവിധാനമായ ബസ്സ് സേവനം വിപുലീകരിക്കുകയും പൊതു ജനങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്താനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ മുസഫ വ്യവസായ നഗരി, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ബനിയാസ്, ഷഹാമ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും സൗജന്യ യാത്ര ഗുണകരമായതായി പറയുന്നു.

chandrika: