X
    Categories: MoreViews

തീരുമാനം ഞായറാഴ്ച്ച നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍; തോമസ്ചാണ്ടി പുറത്തേക്ക് ?

സ്വന്തം ലേഖകന്‍
തിരുവനന്തപുരം

കായല്‍ കയ്യേറിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ച് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയതോടെ മന്ത്രി തോമസ്ചാണ്ടിയുടെ രാജി ഉടനുണ്ടാകും. തോമസ്ചാണ്ടി കയ്യേറ്റം നടത്തിയതായുള്ള കലക്ടറുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ലെന്നാണ് നിയമോപദേശത്തിലുള്ളത്. ഈ സാഹചര്യത്തില്‍  ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷം ചാണ്ടിക്ക് രാജിവെക്കേണ്ടിവരും.

നിയമോപദേശം എതിരായാല്‍ ചാണ്ടിയെ തുണക്കേണ്ടെന്നായിരുന്നു സി.പി.എമ്മിന്റെ നിലപാട്. നിയമോപദേശം എതിരായെന്ന് മാത്രമല്ല, ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് പൂര്‍ണമായി എ.ജി ശരിവെക്കുകയും ചെയ്തിരിക്കുന്നു. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതിയില്‍ ഭൂരിഭാഗം അംഗങ്ങളും ചാണ്ടി രാജിവെക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്. ഇന്ന് സി.പി.എമ്മും സി.പി.ഐയും ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നതോടെ മന്ത്രിക്ക് മുന്നില്‍ രാജിയല്ലാതെ മറ്റ് മാര്‍ഗമില്ല. അതേസമയം തോമസ്ചാണ്ടി മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍.സി.പി നേതൃത്വം പ്രതികരിച്ചു. മുന്നണിയോഗത്തില്‍ എന്‍.സി.പി ഈ നിലപാട് അറിയിക്കും. ചൊവ്വാഴ്ചത്തെ കോടതി വിധിക്ക് ശേഷമാകാം രാജിക്കാര്യത്തില്‍ തീരുമാനമെന്നാണ് എന്‍.സി.പിയുടെ അഭിപ്രായം. കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ ചാണ്ടി നല്‍കിയ ഹര്‍ജി ചൊവ്വാഴ്ചയാണ് പരിഗണിക്കുന്നത്.

അതുവരെ കാത്തിരുന്ന് കോടതിയുടെ ശകാരം വീണ്ടും കേള്‍ക്കേണ്ടതില്ലെന്നാണ് എല്‍.ഡി.എഫിലെ പൊതുവികാരം. തോമസ്ചാണ്ടിക്കും സാധാരണക്കാരനും രണ്ടു നീതിയാണോ എന്ന് സര്‍ക്കാരിനോട് കോടതി കഴിഞ്ഞ ദിവസമാണ് ചോദിച്ചത്. ഇത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു. അതേസമയം നിയമോപദേശം വന്നശേഷവും രാജി നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്ക് ഒപ്പമല്ലെന്നും കയ്യേറ്റം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാകുമെന്നു തന്നെയാണ് കരുതുന്നതെന്നും കാനം വ്യക്തമാക്കി.

കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് തുടര്‍ നടപടികളിലേക്ക് പോകേണ്ടിവരുമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദിന്റെ നിയമോപദേശത്തില്‍ പറയുന്നത്. മാര്‍ത്താണ്ഡം കായല്‍ ഭൂമി കയ്യേറ്റത്തിലും ലേക്ക് പാലസ് റോഡിന്റെ പേരിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് ആലപ്പുഴ ജില്ല കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ചാണ്ടിയുടെ നില പരുങ്ങലിലായത്. ഇതിനുപുറമേ ഹൈക്കോടതി നിയമത്തിന് അതീതനാണോ മന്ത്രി എന്ന് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ചാണ്ടി രാജിവെക്കണമെന്ന് സി.പി.ഐയും സി.പി.എമ്മിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടിരുന്നു. ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റം ചെയ്തതായും കണ്ടെത്തി. മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ടില്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കണമെന്നും ശിപാര്‍ശ ചെയ്തിരുന്നു.

chandrika: