X

കെ.എസ്.ആര്‍.ടി.സി ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗതമന്ത്രി; ജീവനക്കാര്‍ക്ക് ശമ്പളം ഇന്ന് നല്‍കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. ശമ്പളം കെ.എസ്.ആര്‍.ടി.സിയുടെ ഉത്തരവാദിത്തമാണ്. പെന്‍ഷന്‍ കൊടുക്കുന്ന കാര്യത്തില്‍ മാത്രമാണ് അന്‍പതു ശതമാനം ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി.

അതേസമയം, കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം നല്‍കുമെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. എസ്.ബി.ടിയില്‍ നിന്നു വായ്പയെടുക്കാന്‍ അടിയന്തര ചര്‍ച്ചകള്‍ നടക്കുകയാണ്. രണ്ടു മണിയോടെ വായ്പ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അത് ലഭിച്ചാലുടന്‍ ശമ്പളം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സമരം തെറ്റെന്ന് പറയുന്നില്ലെങ്കിലും പ്രതിസന്ധിയുള്ളപ്പോള്‍ സര്‍വീസ് മുടക്കുന്നത് ശരിയാണോയെന്ന് ജീവനക്കാര്‍ ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധിയെക്കുറിച്ച് മന്ത്രിയേക്കാള്‍ അറിവുള്ളവരാണ് ട്രേഡ് യൂണിയനുകള്‍. ഈയവസ്ഥയില്‍ സമരം ചെയ്യുന്നത് ശരിയാണോയെന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു
കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ ശക്തമായി നടക്കുകയാണ്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി വിവിധ ജില്ലകളില്‍ ജീവനക്കാര്‍ പണിമുടക്കുകയും ചെയ്തു. പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വീസുകള്‍ തടസ്സപ്പെട്ടിരുന്നു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി അടക്കമുളള ഭരണപക്ഷ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. സെപ്റ്റംബര്‍ മുപ്പതിനു നല്‍കേണ്ട ശമ്പളം ഇതു വരെ നല്‍കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Web Desk: