വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള മുസ്‌ലിം ലീഗ് നടത്തുന്ന ധനസമാഹരണത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ദുരിതാശ്വാസ ഫണ്ടുകള്‍ സുതാര്യമായിരിക്കണമെന്നും ലീഗിന്റെ ആപ്പ് അങ്ങനെ തോന്നിയെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജോയ് മാത്യു പറഞ്ഞു. ‘ഫോര്‍ വയനാട്’ എന്ന ആപ്ലിക്കേഷനിലൂടെയാണ് ധനസമാഹരണം നടത്തുന്നത്.
‘സുതാര്യത, അതാണ് നമുക്ക് വേണ്ടത് ; കണക്കിലായാലും കാര്യത്തിലായാലും ! അതിനാല്‍ ഈ ആപ്പ് വഴി ഞാനും ഒരു അണ്ണാറക്കണ്ണനാകട്ടെ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദുരിതര്‍ക്ക് ആശ്വാസം നല്‍കാനായിരിക്കണം ദുരിതാശ്വാസ ഫണ്ടുകള്‍ .
അതിലേക്ക് നല്‍കുന്നവനും അതില്‍ നിന്ന് സ്വീകരിക്കുന്നവനും അതിന്റെ സുതാര്യത ഉറപ്പ് വരുത്തണം .ഇന്നത്തെ കാലത്ത് ഡിജിറ്റലായി കാര്യങ്ങള്‍ ചെയ്യാമെന്നിരിക്കെ മുസ്‌ലിം ലീഗ് അത് നല്ല രീതിയില്‍ത്തന്നെ പ്രാവര്‍ത്തികമാക്കി തങ്ങള്‍ കാലത്തിനൊപ്പമാണെന്ന് തെളിയിച്ചു .
‘ഫോര്‍ വയനാട്’ എന്ന ആപ്പിലൂടെയുള്ള ദുരിതാശ്വാസ നിധി സമാഹരണം സുതാര്യമായി എനിക്ക് തോന്നി .യൂട്യൂബര്‍ രാജന്‍ ജോസഫിന്റെ ഒരു വീഡിയോയില്‍ നിന്നാണ് ഞാനിതറിഞ്ഞത് .
സുതാര്യത ,അതാണ് നമുക്ക് വേണ്ടത് ;കണക്കിലായാലും കാര്യത്തിലായാലും !
അതിനാല്‍ ഈ ആപ്പ് വഴി ഞാനും ഒരു അണ്ണാറക്കണ്ണനാകട്ടെ.
മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫോര്‍ വയനാട് എന്ന പേരില്‍ ആപ്പ് പുറത്തിറക്കിയത്. ഡിജിറ്റലായാണ് ഫണ്ട് സമാഹരണം നടത്തുന്നതെന്ന് ആപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏറ്റവും ഒടുവിലെ കണക്കുപ്രകാരം അഞ്ച് കോടി ഇതിനകം പിന്നിട്ടുകഴിഞ്ഞു. ഓഗസ്റ്റ് 15 വരെയാണ് ധനസമാഹരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആപ്പിലൂടെ ഓരോ സെക്കന്‍ഡിലും ലഭിച്ചുകൊണ്ടിരിക്കുന്ന തുക കാണാനാകും.