ന്യൂഡല്‍ഹി: രാജ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ജനതയുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കണമെന്ന് മുസ്‌ലിം ലീഗ് രാജ്യസഭാ നേതാവ് പി.വി അബ്ദുള്‍ വഹാബ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
രാജ്യത്ത് ഏകദേശം അഞ്ച് ദശലക്ഷം ട്രാന്‍സ്‌ജെന്‍ഡര്‍മാരുണ്ടെന്നും എന്നാല്‍ 2011ലെ സെന്‍സസ് പ്രകാരം 4,87,000 ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളെ മാത്രമേ അതും ‘മറ്റ്’ വിഭാഗത്തിന് കീഴില്‍ അംഗീകരിച്ചിട്ടുള്ളുവെന്നും സീറോ അവര്‍ സബ്മിഷനില്‍ എം.പി ചൂണ്ടിക്കാട്ടി.ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് പ്രത്യേകമായി ഒരു രേഖയോ സര്‍വേയോ നിലവിലില്ല. ട്രാന്‍സ് ജനസംഖ്യയുടെ 60% സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞുപോയി. ഈ വിഭാഗത്തില്‍ നിന്ന് 12% പേര്‍ മാത്രമേ ഔപചാരികമായി ജോലി ചെയ്തിട്ടുള്ളൂവെന്നും അവരില്‍ 52% പേര്‍ക്ക് മാത്രമേ പ്രതിമാസം 5000 രൂപയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയൂ എന്നും വിവിധ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
ട്രാന്‍സ് ജനസംഖ്യ തിരിച്ചറിയാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായില്ലെന്നും ഇതിന് കാരണം അവരില്‍ 5% പേര്‍ക്ക് മാത്രമേ ഏതെങ്കിലും തരത്തിലുള്ള ഐഡന്റിറ്റി പ്രൂഫ് ഉണ്ടായിരുന്നുള്ളൂ. ഇത് അവരെ എല്ലാവിധ ക്ഷേമ പദ്ധതികളില്‍ നിന്ന് വീണ്ടും ഒഴിവാക്കാനിടയാക്കി. പണമായും റേഷനായും സര്‍ക്കാര്‍ നല്‍കുന്ന സഹായം കേവലം 7000 ട്രാന്‍സ് ആളുകള്‍ക്ക് മാത്രമേ പ്രയോജനപ്പെടുത്താനാകൂ എന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.
ട്രാന്‍സ് പോപ്പുലേഷന്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണം. ട്രാന്‍സ് ജനസംഖ്യയ്ക്ക് പ്രത്യേകമായി സമഗ്രമായ സര്‍വേ ഉടനടി നടത്താനും അവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളിലും ഹോറിസോണ്ടല്‍ സംവരണം ഏര്‍പ്പെടുത്താനും അദ്ദേഹം ശുപാര്‍ശ ചെയ്തു. ഹോസ്റ്റല്‍ മുറി ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന പഞ്ചാബ് സര്‍വകലാശാലയിലെ ട്രാന്‍സ് വിദ്യാര്‍ത്ഥിയുടെ പ്രശ്‌നവും എം.പി ചൂണ്ടിക്കാട്ടി.