ചെന്നൈ; ട്രാന്‍സ്‌ജെന്റര്‍ ആക്റ്റിവിസ്റ്റിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോയമ്പത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ ആക്ടിവിസ്റ്റുമായ സംഗീതയെ(60) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയാളികളെ കണ്ടെത്താനായി മൂന്നു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു കോയമ്പത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഹോട്ടല്‍ നടത്തുകയാണ് ഇവര്‍.
സംഗീത കോയമ്പത്തൂരിലെ ട്രാന്‍സ് വിഭാഗത്തിന്റെ നേതാവായിരുന്നു. ആര്‍എസ് പുരത്ത് ട്രാന്‍സ് കിച്ചണ്‍ എന്ന പേരില്‍ ഈ വിഭാഗത്തില്‍പെട്ട ആളു!കള്‍ മാത്രം പണിയെടുക്കുന്ന ഹോട്ടല്‍ തുടങ്ങിയത് ഈയിടെയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ അവസാനമായി ആളുകള്‍ കണ്ടത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ചിലര്‍ ഇവര്‍ താമസിക്കുന്ന സായ് ബാബ നഗറിലെ വീട്ടില്‍ തിരക്കിയെത്തിയിരുന്നു.
ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെ അയല്‍വാസികളെ കൂട്ടി പൊലീസിനെ വിളിച്ചു. പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണു സംഗീതയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ട്രമ്മിനകത്ത് തള്ളിയതു കണ്ടത്. പുതപ്പ് കൊണ്ടു പൊതിഞ്ഞ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.
സംഗീതയുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ക്കു ആരെങ്കിലുമായി ശത്രുതയോ , പ്രശ്‌നങ്ങളോ ഉണ്ടായിരുന്നുവോയെന്നാണ് പ്രധാനമായിട്ടും പൊലീസ് തിരക്കുന്നത്. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായ സംഗീതയുടെ മരണം കോയമ്പത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ നടുക്കി. കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടു പ്രമുഖര്‍ ഉള്‍പെടെയുള്ളവര്‍ രംഗത്തെത്തി. അക്രമികളെ കുറിച്ച് ഇതുവരെ പൊലീസിനു വിവരമൊന്നും കിട്ടിയിട്ടില്ല. എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.