ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കാതലായ നയംമാറ്റത്തിന് ഒരുങ്ങുന്നു. ഭരണപരിഷ്‌കാരങ്ങളെന്ന പേരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നോട്ടു നിരോധനം പോലുള്ള ജനദ്രോഹ നടപടികള്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനാണ് തീരുമാനം. നികുതികള്‍ കുറച്ചും ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ചും വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള ശ്രമങ്ങളും ഇനിയുള്ള മാസങ്ങളില്‍ ഉണ്ടായേക്കും. വീണ്ടും അധികാരത്തില്‍ എത്തിയാല്‍ മാത്രം പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ മതിയെന്നാണ് തീരുമാനം.നിലവില്‍ ഫണ്ട് വകയിരുത്തുകയോ, നിര്‍മാണം ആരംഭിക്കുകയോ ചെയ്തിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര സര്‍ക്കാറിനെതിരെ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അമര്‍ഷവും പുതിയ ചുവടുമാറ്റത്തിനു പിന്നിലുണ്ട്. മികച്ച ഭൂരിപക്ഷത്തോടെ 2014ല്‍ അധികാരത്തില്‍ എത്തിയതുമുതല്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട പല തീരുമാനങ്ങളും വിവാദമായിരുന്നു. നോട്ടു നിരോധനം പോലുള്ള തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുകയും ചെയ്തു. എന്തിനാണ് നോട്ടു നിരോധനം നടപ്പാക്കിയത്, എത്ര രൂപയുടെ അസാധു നോട്ടുകള്‍ തിരിച്ചെത്തി, എത്ര രൂപയുടെ കള്ളപ്പണം കണ്ടെത്തി തുടങ്ങി നോട്ടു നിരോധനവുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങള്‍ക്കു പോലും ഇതുവരെ കേന്ദ്ര സര്‍ക്കാറിന് ഉത്തരം നല്‍കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഇത്തരം പരിഷ്‌കരണ പരിപാടികള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും പുതിയ നീക്കത്തിനുണ്ട്.തൊഴില്‍ നിയമ ഭേദഗതി, ഭൂ നിയമ ഭേദഗതി തുടങ്ങിയ ബില്ലുകള്‍ നിലവില്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ ആണ്. ഇതില്‍ തൊഴില്‍ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകളും നേരത്തെതന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നിലവില്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന പല അവകാശങ്ങളും കവര്‍ന്നെടുക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍ എന്നാണ് ആരോപണം. ഈ ബില്‍ അടുത്ത 18 മാസത്തേക്ക് സഭയില്‍ പാസാക്കാന്‍ ബി.ജെ.പി ശ്രമിച്ചേക്കില്ലെന്ന് ബാഴ്‌സലൈസ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് സിദ്ധാര്‍ത്ഥ സന്യാല്‍ പറഞ്ഞു.വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടികളിലും ഔദ്യോഗിക പരിപാടികളിലും മുന്‍കാലങ്ങളേക്കാള്‍ മോദി സജീവമാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
- 7 years ago
chandrika