തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ സിന്‍ഹക്കെതിരെ പരാതി നല്‍കിയ ദളിത് ജീവനക്കാരനെ സ്ഥലംമാറ്റി. അതേസമയം കുറ്റാരോപിതനായ വിശ്വനാഥ സിന്‍ഹക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തന്നെക്കൊണ്ട് വിശ്വനാഥ സിന്‍ഹ എച്ചിലെടുപ്പിക്കുകയും പാത്രങ്ങള്‍ കഴുകിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനാണ് പാലക്കാട് സ്വദേശിയായ ജീവനക്കാരനെ സ്ഥലം മാറ്റിയത്.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്. വിശ്വനാഥ സിന്‍ഹയുടെ നിര്‍ബന്ധപ്രകാരമാണ് ഇയാളെ സ്ഥലം മാറ്റിയതെന്നാണ് സൂചന. ജീവനക്കാരനെ വകുപ്പുമാറ്റി പ്രശ്‌നം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനായ സിന്‍ഹക്കെതിരെ നടപടിയുണ്ടാവാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നല്‍കിയ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് സര്‍വീസ് സംഘടനകളുടെ ആവശ്യം.