തിരുവനന്തപുരം: ദക്ഷിണ റയില്‍വേയില്‍ പുതുതായി ചുമതലയേറ്റ ജനറല്‍ മാനേജര്‍ വിളിച്ച കേരള- തമിഴ്‌നാട് എം.പിമാരുടെ യോഗം പ്രഹസനമാക്കി കേരള എം.പിമാര്‍. ഇടതു- ബി.ജെ.പി എം.പിമാര്‍ പൂര്‍ണമായും യോഗത്തില്‍ നിന്നു വിട്ടുനിന്നു. രാജ്യസഭാംഗം ഉള്‍പെടെ ആറ് യു.ഡി.എഫ് എം.പിമാര്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. പുതുതായി ചുമതലയേറ്റ ജനറല്‍ മാനേജര്‍ ആര്‍.കെ.കുല്‍ശ്രേഷ്ഠ വിളിച്ച യോഗമാണ് എം.പിമാരുടെ അസാന്നിധ്യം മൂലം പ്രഹസനമായത്.
ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും എം.പിമാരില്‍ നിന്ന് ചോദിച്ചറിയുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് നിന്നുള്ള 20 ലോക്‌സഭാംഗങ്ങളില്‍ കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍, ജോസ്.കെ.മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി എന്നിവര്‍ മാത്രമാണ് യോഗത്തിന് എത്തിയത്. രാജ്യസഭാംഗങ്ങളില്‍ നിന്നും മുസ്‌ലിംലീഗിന്റെ പി.വി അബ്ദുല്‍ വഹാബ് മാത്രം. പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും യോഗത്തിന് എത്താനാവില്ലെന്ന് നേരത്തെ തന്നെ റെയില്‍വേയെ അറിയിച്ചിരുന്നു. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കാന്‍ വഹാബിനെ ചുമതലപ്പെടുത്തിയിരുന്നു. പങ്കെടുത്തവര്‍ തന്നെ യോഗത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാ എം.പിമാരായി എ.വിജയകുമാറും, വിജിലാ സത്യനാഥും പങ്കെടുത്തു.
രണ്ടാഴ്ചക്ക് മുമ്പു തന്നെ എല്ലാ എം.പിമാരേയും യോഗത്തിന്റെ വിവരങ്ങള്‍ അറിയിച്ചിരുന്നു. ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കാനാണ് പുതിയ ജനറല്‍ മാനേജര്‍ പ്രധാനമായും യോഗം വിളിച്ചത്. റയില്‍ബജറ്റില്‍ കേരളം തഴയപ്പെടുന്ന പ്രവണതയാണ് വര്‍ഷങ്ങളായി കണ്ടു വരുന്നത്. ഇക്കുറിയും ഇത് ആവര്‍ത്തിക്കുമോ എന്ന് ആശങ്കയുണ്ട്. പാത ഇരട്ടിപ്പും പ്രത്യേക റയില്‍വേ മേഖലയും ഉള്‍പെടെ നിരവധി ആവശ്യങ്ങള്‍ റെയില്‍വേ ധരിപ്പിക്കാനുള്ള അവസരമാണ് ഇന്നലെ ഇടതു എം.പിമാര്‍ നഷ്ടമാക്കിയത്. സംസ്ഥാനത്തിന്റെ മറ്റൊരാവശ്യമായ ശബരി റെയില്‍വേ പൂര്‍ത്തിയാക്കുന്നതിനും എം.പിമാരുടെ നിരന്തരസമ്മര്‍ദ്ദമുണ്ടായേ തീരു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച പ്രാരംഭനടപടികള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെയും ഫണ്ടില്ലാതെയും പദ്ധതിയുടെ പ്രവര്‍ത്തനം തടസപ്പെട്ട് കിടക്കുകയാണ്. സ്ഥലം ഏറ്റെടുക്കുന്നതിന് സാമൂഹിക ആഘാത പഠനം നിര്‍ബന്ധമായിരിക്കെ പഠനവും ആരംഭിച്ചില്ല.
ശബരിപാതക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ വിലയും ഉടമകള്‍ക്ക് നല്‍കിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ എം.പിമാര്‍ക്ക് നിരന്തരം നിവേദനം നല്‍കി വരികയാണ്. എറണാകുളം ജില്ലയില്‍ മാത്രം 204 ഹെക്ടര്‍ ഭൂമിയാണ് ശബരി റെയില്‍വേക്ക് വേണ്ടി ഏറ്റെടുക്കേണ്ടത്, എന്നാല്‍ 20 വര്‍ഷം കൊണ്ട് ഇതുവരെ 25 ഹെക്ടര്‍ ഭൂമി മാത്രമാണ് ഏറ്റെടുത്തത്. അതേസമയം സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നത് ആറുമാസംകൂടി തുടരുമെന്ന് കുല്‍സ്രേഷ്്ഠ യോഗത്തില്‍ അറിയിച്ചു. ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതാണ് സമയക്രമത്തില്‍ മാറ്റംവന്നത്. പണികള്‍പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൃത്യസമയം പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.