X

മന്ത്രിമാരെ ‘പാഠം പഠിക്കാന്‍’ പരിശീലനം 20 മുതല്‍

 

സര്‍ക്കാരിന് മന്ത്രിമാര്‍ തന്നെ തലവേദനയുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പരിശീലനം. ഒന്നാം പിണറായി മന്ത്രിസഭയില്‍ വിവിധ വിവാദങ്ങളില്‍ പെട്ട് മന്ത്രിമാര്‍ക്ക് രാജിവെക്കേണ്ടി വന്നതുള്‍പെടെയുള്ളവയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് മന്ത്രിമാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ബന്ധിതനായത്. ഇതനുസരിച്ച് ഐ.എം.ജി യുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 20ന് ആരംഭിക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ഭരണ നിര്‍വഹണവും വൈജ്ഞാനിക വിഷയങ്ങളുമാണ് പരിശീലനത്തിനായി ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതെങ്കിലും മന്ത്രിമാര്‍ സൂക്ഷ്മത പുലര്‍ത്തേണ്ട വിഷയങ്ങള്‍, പ്രതികരണങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഫോണ്‍ സംഭാഷണങ്ങള്‍, സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ തുടങ്ങിയവയെ കുറിച്ചും പരിശീലനം നല്‍കും. പലപ്പോഴും തെറ്റ് ചെയ്യാതെ തന്നെ മന്ത്രിമാര്‍ അബദ്ധങ്ങളില്‍ ചെന്നുചാടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.

ഇത് ഒഴിവാക്കാന്‍ ക്ലാസുകള്‍ ഉപകരിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മൂന്നു ദിവസത്തെ പരിശീലനത്തില്‍ പത്ത് സെഷനുകളാണുള്ളത്. ഭരണസംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയുക, ദുരന്തവേളകളില്‍ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, മന്ത്രിയെന്ന ടീം ലീഡര്‍ തുടങ്ങിയ സെഷനുകളാണ് ആദ്യദിനം. മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറാണ് ഭരണസംവിധാനത്തെക്കുറിച്ച് വിശദീകരിക്കുക. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി ആശയവിനിമയം നടത്തും.

തുടര്‍ന്ന് ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐ.ഐ.എം മുന്‍ പ്രൊഫസറും മാനേജീരിയല്‍ കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ പ്രൊഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി സംസാരിക്കും. 21ന് രാവിലെ ആദ്യ സെഷനില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് സംസാരിക്കും.

ഇതിനു ശേഷം മന്ത്രിമാരുടെ ഉയര്‍ന്ന പ്രകടനത്തെ സംബന്ധിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി.ഷിബുലാല്‍ ഓണ്‍ലൈനില്‍ സംവദിക്കും. ഫണ്ടിംഗ് ഏജന്‍സികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിര്‍ണയ വിദഗ്ധയും സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ ജെന്‍ഡര്‍ ഉപദേശകയുമായ ഡോ. ഗീതാഗോപാല്‍ സംസാരിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാര്‍ വിശദമാക്കുക. മാറ്റത്തിനുള്ള ഉപകരണം എന്ന നിലയില്‍ ഇ ഗവേണന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച് 22ന് രാവിലെ നടക്കുന്ന സെഷനില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് സംസാരിക്കും.

മികച്ച ഫലം ലഭിക്കുന്നതിനായി പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര മുന്‍ സെക്രട്ടറി അനില്‍ സ്വരൂപാണ് ആശയവിനിമയം നടത്തുന്നത്.

സമൂഹ മാധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെ പരിശീലന പരിപാടി സമാപിക്കും.

 

Test User: