കോഴിക്കോട്: അന്തര്‍ സംസ്ഥാന ബസുകള്‍ സമരം ആരംഭിച്ചതോടെ സംസ്ഥാനത്ത് യാത്രാദുരിതം വര്‍ധിക്കും. സമരം രൂക്ഷമായാല്‍ കൂടുതല്‍ ബാധിക്കുന്നത് മലബാറിനെ ആയിരിക്കുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. ട്രെയിന്‍ യാത്ര ദുരിതവും ഇരട്ടിയായി വര്‍ധിക്കുമെന്ന് മലബാര്‍ റെയില്‍ യൂസേഴ്‌സ് ഫോറം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മറുനാടന്‍ മലയാളികള്‍ ഏറെയും ആശ്രയിക്കുന്നത് സ്വകാര്യ അന്തര്‍ സംസ്ഥാന ബസുകളെയാണ്. വടക്കന്‍ കേരളത്തെയാണ് ഇത് കൂടുതലായി ബാധിക്കുക. കെ.എസ്.ആര്‍.ടി.സി യുടെ അന്തര്‍ സര്‍വീസുകള്‍ കുറവ് മലബാറിലാണ്. തെക്കന്‍ കേരളത്തില്‍ നിന്നും ബംഗളുരു, ചെന്നൈ ഭാഗങ്ങളിലേക്ക് കൂടുതല്‍ പ്രതിദിന ട്രെയിനുകളും വീക്കിലി, സ്പഷ്യല്‍ ട്രെയിനുകളും ഉണ്ടെന്നിരിക്കെ മലബാറുകാര്‍ ആശ്രയിക്കുന്നത് ബംഗളുരുവിലേക്ക് ഒരു പ്രതിദിന ട്രെയിനും ഒരു വീക്കിലി ട്രെയിനും മാത്രമാണ്. ചെന്നൈയിലേക്ക് രണ്ട് പ്രതിദിന സര്‍വീസുകളാണുള്ളത്. അത് കൊണ്ടു തന്നെ മലബാറില്‍ ഭൂരിഭാഗം പേരും ട്രെയിനിനെ ആശ്രയിക്കാറില്ല.
ട്രെയിനുകളുടെ സര്‍വ്വീസ് കുറവായതിനാല്‍ മലബാറില്‍ നിന്നും കൂടുതല്‍ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഇത് ചൂഷണങ്ങള്‍ക്ക് ആക്കം കൂട്ടുകയിട്ടുണ്ടെന്നാണ് മലബാര്‍ റെയില്‍ യൂസേഴ്‌സ് ഫോറം ഭാരവാഹികളായ ചെയര്‍മാന്‍ മുനീര്‍ കുറുമ്പടി, ജനറല്‍ കണ്‍വീനര്‍ എം സി മനോജ് കുമാറും പറയുന്നത്. നിലവിലുള്ള ട്രെയിനുകളില്‍ ക്രമാതീതമായ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കാരണം റിസര്‍വേഷന്‍ തീരെ ലഭിക്കുന്നില്ല. കോഴിക്കോട് നിന്നും ഷൊറണൂര്‍ വഴി ബംഗളുരുവിലേക്ക് പ്രതിദിന ഇന്റര്‍സിറ്റി സര്‍വീസ് ആരംഭിക്കണ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആവശ്യത്തിന് ട്രെയിന്‍ ഇല്ലാത്തതാണ് വിദ്യാര്‍ത്ഥികളും വ്യാപാരികളും ഉള്‍പ്പടെയുള്ള യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. ബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിനാല്‍ വരും ദിവസങ്ങളില്‍ ട്രെയിന്‍ യാത്ര പ്രശ്‌ന സങ്കീര്‍ണമാവും, മംഗളുരുവില്‍ നിന്ന് ഷൊറണൂര്‍ വഴി സ്പഷ്യല്‍ ട്രെയിനുകളും, കോഴിക്കോട് നിന്നും ഇന്റര്‍ സിറ്റി സര്‍വീസും അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.