തിരുവനന്തപുരം: ട്രെയിന്‍ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ ഉന്നത അധികൃതര്‍ ഉറപ്പുനല്‍കി. സംസ്ഥാനത്തെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് റെയില്‍വേയുടെ ഉറപ്പ്.
പരശുറാം എക്സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്. തിരക്കുള്ള മറ്റു ട്രെയിനുകളിലും ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഡോ. മനീഷ് തപ്ല്യാല്‍ പറഞ്ഞു. ഷൊര്‍ണൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ കാസര്‍കോടുവരെ നീട്ടുന്ന കാര്യവും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അവധിക്കാലങ്ങളില്‍ അധിക സര്‍വീസ് ഏര്‍പ്പെടുത്തുന്നതിന് സഹായകമാകുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കലണ്ടര്‍ തയ്യാറാക്കി റെയില്‍വേയ്ക്ക് സമര്‍പ്പിക്കും. ഇതുപ്രകാരം സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്താനും ഈ സര്‍വീസുകള്‍ സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പുകള്‍ നല്‍കാനും ധാരണയായി. ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് നടപടികള്‍ സ്വീകരിക്കാമെന്ന് റെയില്‍വേ അറിയിച്ചു.
വന്ദേഭാരതിനായി മറ്റു ട്രെയിനുകള്‍ മണിക്കൂറുകള്‍ പിടിച്ചിടുന്നത് ഒഴിവാക്കുന്ന കാര്യത്തില്‍ പരിശോധിച്ച് നടപടിയെടുക്കും. മലപ്പുറം ജില്ലയിലെ ജനസംഖ്യയും ട്രെയിന്‍ യാത്രികരുടെ എണ്ണവും പരിഗണിച്ച് രാജധാനി എക്സ്പ്രസിന് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചു.
ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, കെ.ആര്‍.ഡി.സി.എല്‍ ഡയറക്ടര്‍ അജിത് കുമാര്‍ വി, പാലക്കാട് എ.ഡി.ആര്‍.എം കെ അനില്‍ കുമാര്‍, പാലക്കാട് ഡി.ഒ.എം ഗോപു ആര്‍ ഉണ്ണിത്താന്‍, തിരുവനന്തപുരം സീനിയര്‍ ഡി.ഒ.എം എ വിജയന്‍, തിരുവനന്തപുരം സീനിയര്‍ ഡി.സി.എം വൈ സെല്‍വിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.