ജൂലൈ ഒന്നിനു നിലവില്‍ വരുന്ന പുതിയ റെയില്‍വേ സമയക്രമത്തില്‍ തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ്, തിരുനെല്‍വേലി-പാലക്കാട് പാലരുവി എക്‌സ്പ്രസ് എന്നിവയുടെ യാത്രാസമയം അരമണിക്കൂറോളം കുറയും. എന്നാല്‍ മറ്റ് ട്രെയിനുകളുടെ ഓട്ടത്തില്‍ കാര്യമായ മാറ്റമില്ല.
തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന വേണാട്, പരശുറാം, ശബരി, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ സമയത്തില്‍ 5 മിനിറ്റ് വ്യത്യാസമുണ്ട്. ചില പാസഞ്ചര്‍ ട്രെയിനുകളുടെ സമയത്തില്‍ 5 മുതല്‍ 10 മിനിറ്റ് വരെ മാറ്റങ്ങളുണ്ട്. കേരളത്തില്‍ ട്രെയിനുകള്‍ കൃത്യസമയം പാലിക്കാനായി മുന്‍പു നല്‍കിയ അരമണിക്കൂര്‍ അധിക സമയം പിന്‍വലിക്കാന്‍ റെയില്‍വേ തയാറായിട്ടില്ല. ട്രാക്ക് അറ്റകുറ്റപ്പണി കഴിഞ്ഞിട്ടില്ലെന്ന കാരണം പറഞ്ഞാണു ഇത് പിന്‍വലിക്കാത്തത്.
മണ്‍സൂണ്‍ സമയക്രമം കഴിയുമ്പോള്‍ പൂണെ- എറണാകുളം പൂര്‍ണ എക്‌സ്പ്രസ് രാവിലെ 3.50ന് എറണാകുളത്ത് എത്തും. ഇപ്പോള്‍ രാവിലെ എട്ടിനാണ് ട്രെയിന്‍ എറണാകുളത്ത് എത്തുന്നത്. ബറൂണി-എറണാകുളം എക്‌സ്പ്രസ് 10 മിനിറ്റ് നേരത്തെ എത്തും. തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റിയുടെ നമ്പര്‍ മാറും. പുതിയ നമ്പര്‍- 16841/42.