X

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു; ബംഗളൂരു, ചെന്നൈ ട്രെയിനുകള്‍ ഓടിതുടങ്ങി

കോഴിക്കോട്: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഷൊര്‍ണൂരില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിനുകള്‍ ഇതിനകം സര്‍വ്വീസ് തുടങ്ങി. 12601 ചെന്നൈ മെയില്‍ ഇന്നലെ രാവിലെ 10മണിക്ക് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി ഇതുവഴിയുള്ള റെയില്‍ ഗതാഗതം പൂര്‍ണമായി ഒഴിവാക്കിയിരുന്നു. ഈ റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ ഞായറാഴ്ച ഓടിതുടങ്ങിയതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി.

കേരളത്തില്‍ കോട്ടയം വഴിയുള്ള ട്രെയിനുകളും ഓടിതുടങ്ങി. ഏറണാകുളത്ത് നിന്നും വഞ്ചിനാട് വരെ പോകുന്ന ട്രെയില്‍ രാവിലെ ഓടിതുടങ്ങി. വേണാട് എക്‌സ്പ്രസും സര്‍വീസ് തുടങ്ങി. കൊല്ലം എറണാകുളം മെമു, എറണാകുളം തിരുവനവന്തപുരം സ്‌പെഷ്യല്‍ ട്രെയില്‍ എന്നിവയും സര്‍വീസ് നടത്തുന്നുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസമായി കോഴിക്കോട് അവസാനിപ്പിച്ച മംഗലാപുരം-കൊയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഞായറാഴ്ച ഉച്ചയോടെ കൊയമ്പത്തൂരിലേക്ക് സര്‍വ്വീസ് പുനരാരംഭിച്ചു. മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസും മംഗളൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസും നേരത്തെയുള്ള ഷെഡ്യൂള്‍പ്രകാരം ഓടിതുടങ്ങി.

കണ്ണൂര്‍-യശ്വന്ത്്പൂര്‍ ട്രെയിനും യശ്വന്ത്്പൂര്‍-കണ്ണൂര്‍ ട്രെയിനും നേരത്തെയുള്ള ഷെഡ്യൂര്‍ പ്രകാരം സര്‍വ്വീസ് തുടങ്ങി. അതേസമയം, സ്‌പെഷ്യല്‍ ട്രെയിനുകളായാണ് സര്‍വ്വീസ് നടത്തുന്നത്. ഇതിനാല്‍ യാത്രക്കാര്‍ക്ക് നേരത്തെയുള്ള റിസര്‍വ്വേഷന്‍ ലഭ്യമാകില്ല. ബംഗളൂരില്‍ നിന്നും മംഗലാപുരത്തേക്കുള്ള മാംഗളൂര്‍ എക്‌സ്പ്രസ് ഇന്ന് രാത്രി 11.55ന് പുറപ്പെടും. വരുംദിവസങ്ങളിലും കൂടുതല്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തി യാത്രാക്ലേഷം പരിഹരിക്കുമെന്ന് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ മംഗലാപുരത്തുനിന്ന് ട്രെയിനുകള്‍ കോഴിക്കോട് വരെ ഓടിയിരുന്നു. കുറ്റിപ്പുറത്തിനും ഷൊര്‍ണൂരിനും ഇടയില്‍ പള്ളിക്കല്‍ സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. ഇതോടെ ഷൊര്‍ണൂര്‍ വഴി കടന്നുപോകേണ്ട ട്രെയിനുകളെല്ലാം നേരത്തെ കോഴിക്കോട് വെച്ച് സര്‍വ്വീസ് അവസാനിപ്പിക്കുകയായിരുന്നു.

chandrika: